ലോകകപ്പിലെ തങ്ങളുടെ നിർണ്ണായക പോരാട്ടത്തിൽ, ബുധനാഴ്ച സ്വിറ്റ്സർലൻഡിനെ നേരിടാൻ ഒരുങ്ങുകയാണ് കാനഡ. ഖത്തറിനെതിരെ എതിരില്ലാത്ത 6 ഗോളുകൾക്ക് നേടിയ തകർപ്പൻ വിജയം കനേഡിയൻ ടീമിൻ്റെ ആത്മവിശ്വാസം വാനോളമുയർത്തിയിട്ടുണ്ട്. ഇതോടെ ഗ്രൂപ്പ് ബിയിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടാനുള്ള സുവർണ്ണാവസരമാണ് കാനഡയ്ക്ക് മുന്നിലുള്ളത്.
ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ ഒരു വിജയമോ അല്ലെങ്കിൽ സമനിലയോ നേടിയാൽ കാനഡയ്ക്ക് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാം. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റാണ് കാനഡയ്ക്കുള്ളത്. മികച്ച ഗോൾ ശരാശരി ഉള്ളതിനാൽ സമനില പോലും കാനഡയെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കും. ഗ്രൂപ്പിൽ ഒന്നാമതെത്തിയാൽ റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16 മത്സരങ്ങൾ സ്വന്തം തട്ടകമായ വാൻകൂവറിൽ തന്നെ കളിക്കാം എന്ന ആനുകൂല്യവുമുണ്ട്. കൂടാതെ, കളിക്കാർക്ക് അടുത്ത മത്സരത്തിന് മുൻപ് കൂടുതൽ വിശ്രമവും ലഭിക്കും ജൂലൈ രണ്ടിനായിരിക്കും അടുത്ത മത്സരം.
മത്സരത്തിൽ സ്വിറ്റ്സർലൻഡ് വിജയിക്കുകയാണെങ്കിൽ കാനഡ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അങ്ങനെ വന്നാൽ അടുത്ത റൗണ്ട് മത്സര ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തിലായിരിക്കും. ജൂൺ 28-ന് നടക്കുന്ന ഈ മത്സരത്തിൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ (മിക്കവാറും ദക്ഷിണ കൊറിയ) ടീമിനെയാകും കാനഡ നേരിടേണ്ടി വരിക.
കാനഡ ഗ്രൂപ്പിൽ ഒന്നാമതെത്തുകയാണെങ്കിൽ, മറ്റ് ഗ്രൂപ്പുകളിൽ നിന്ന് മൂന്നാം സ്ഥാനക്കാരായി യോഗ്യത നേടുന്ന ടീമുകളിലൊന്നിനെയാകും നേരിടേണ്ടി വരിക. നിലവിലെ പ്രവചനങ്ങൾ അനുസരിച്ച് അൾജീരിയ, ഓസ്ട്രിയ അല്ലെങ്കിൽ ഈജിപ്ത് എന്നീ രാജ്യങ്ങളിൽ ഏതെങ്കിലും ആയിരിക്കും കാനഡയ്ക്ക് എതിരാളികളായി എത്തുക.
ടീമിലെ മാറ്റങ്ങളും സ്വിസ് വെല്ലുവിളിയും
ഖത്തറിനെതിരെയുള്ള മത്സരത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ പ്രമുഖ മിഡ്‌ഫീൽഡർ ഇസ്മായിൽ കോനെയുടെ അഭാവം കാനഡയ്ക്ക് വലിയ തിരിച്ചടിയാണ്. അതേസമയം, സൂപ്പർ താരം അൽഫോൻസോ ഡേവിസ് ഈ ലോകകപ്പിൽ കാനഡയ്ക്കായി തൻ്റെ ആദ്യ മത്സരത്തിന് ഇറങ്ങുമോ എന്നതും ആരാധകർ ഉറ്റുനോക്കുകയാണ്. ഫിഫ റാങ്കിംഗിൽ 19-ാം സ്ഥാനത്തുള്ള സ്വിറ്റ്സർലൻഡ് ശക്തരായ എതിരാളികളാണ്. ആദ്യ മത്സരത്തിൽ ഖത്തറിനോട് സമനില വഴങ്ങിയെങ്കിലും, രണ്ടാമത്തെ മത്സരത്തിൽ ബോസ്നിയയെ 4-1 ന് തകർത്ത് അവരും ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സ്വിറ്റ്സർലൻഡിനും നാല് പോയിന്റാണുള്ളത്.