കനേഡിയൻ നിർമ്മിത സ്നൈപ്പർ റൈഫിളുകൾ സുഡാൻ, ലിബിയ, യെമൻ എന്നീ രാജ്യങ്ങളിലെ വിമതരുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും കൈകളിൽ എത്തിയതായി റിപ്പോർട്ട്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കൊലകളും നടക്കുന്ന ഈ മേഖലകളിലേക്ക് കനേഡിയൻ ആയുധങ്ങൾ എത്തിയതിൽ കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് കടുത്ത ആശങ്ക രേഖപ്പെടുത്തി.
കാനഡയുടെ ആയുധ ഉപരോധം നിലനിൽക്കുന്ന സുഡാനിലെ 'റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്' എന്ന അർദ്ധസൈനിക വിഭാഗം തടവുകാരെ ക്രൂരമായി മർദ്ദിക്കാൻ കനേഡിയൻ നിർമ്മിത റൈഫിളുകൾ ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബി.സി ആസ്ഥാനമായുള്ള 'സ്റ്റെർലിങ് ക്രോസ്' എന്ന കമ്പനി നിർമ്മിച്ച 'XLCR പ്രിസിഷൻ റൈഫിളുകളാ'ണ് ഇവയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
യെമൻ തലസ്ഥാനമായ സനായിലും ഈ കനേഡിയൻ റൈഫിളുകൾ വൻ തുകയ്ക്ക് പരസ്യമായി വിൽക്കപ്പെടുന്നുണ്ട്. ഇവ രാജ്യത്തേക്ക് ഒളിച്ചുകടത്തിയതാണെന്ന് ആയുധ വ്യാപാരികൾ തന്നെ സമ്മതിക്കുന്നുണ്ട്. ക്രൂരമായ പീഡനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും പേരുകേട്ട ലിബിയയിലെ ഒരു സായുധ സംഘത്തിൻ്റെ പക്കലും ഈ തോക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ലിബിയയിലേക്കും കാനഡ ആയുധ കയറ്റുമതി പൂർണ്ണമായി നിരോധിച്ചിട്ടുള്ളതാണ്.
കാനഡയിൽ നിന്ന് ഈ രാജ്യങ്ങളിലേക്ക് നേരിട്ട് ആയുധങ്ങൾ കയറ്റി അയച്ചിട്ടില്ലെന്ന് കനേഡിയൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ വഴിയാകാം ഈ ആയുധങ്ങൾ ഈ മേഖലകളിൽ എത്തിയതെന്നാണ് അന്താരാഷ്ട്ര ആയുധ നിരീക്ഷകരും വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നത്. 2019-2020 കാലഘട്ടത്തിൽ കാനഡയിൽ നിന്ന് യു.എ.ഇ-ലേക്ക് 113 റൈഫിളുകൾ കയറ്റി അയച്ചിരുന്നു. ഈ ആയുധങ്ങളാകാം പിന്നീട് യുദ്ധമേഖലകളിലെ വിമത ഗ്രൂപ്പുകളിലേക്ക് നിയമവിരുദ്ധമായി എത്തിയതെന്നാണ് വിലയിരുത്തൽ.
സംഭവത്തിൽ ശക്തമായ ആശങ്ക പ്രകടിപ്പിച്ച വിദേശകാര്യ മന്ത്രി അനിത ആനന്ദ്, ആയുധങ്ങൾ യുദ്ധമേഖലകളിൽ എത്തുന്നത് ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ കർശനമായ അന്വേഷണവും നടപടിയും സ്വീകരിക്കുമെന്നും അവർ അറിയിച്ചു.