ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയിൽ പള്ളിയിലെ ഇമാമിന് നേരെയുണ്ടായ വംശീയ ആക്രമണത്തെ കനേഡിയൻ സാംസ്കാരിക മന്ത്രി മാർക്ക് മില്ലറും വിവിധ മുസ്ലിം സംഘടനകളും ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ഇമാമിൻ്റെ തലയ്ക്ക് നിസ്സാര പരിക്കേറ്റിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വ്യാഴാഴ്ച രാത്രിയാണ് ബി.സി.എം.എ മസ്ജിദ് അൽ ഈമാൻ പള്ളിയിലെ മുഖ്യ ഇമാം ഇബ്രാഹിം അലിക്ക് നേരെ ആക്രമണമുണ്ടായത്. പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇമാം, പരമ്പരാഗത വസ്ത്രം ധരിച്ച് സ്വന്തം കാറിനുള്ളിൽ ഇരിക്കുകയായിരുന്നു. ഈ സമയം ഒരാൾ കാറിൻ്റെ വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയും ഇമാമിനെ മർദ്ദിക്കുകയുമായിരുന്നു.
ആക്രമണത്തിനിടെ, "നിങ്ങളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകൂ" എന്ന് പ്രതി അധിക്ഷേപിച്ചതായും മുസ്ലിം സംഘടനകൾ ആരോപിച്ചു. ഇമാം സ്വയം പ്രതിരോധിക്കുകയും ഇരുവരും തമ്മിൽ കൈയാങ്കളിയുണ്ടാവുകയും ചെയ്തു. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ, ഇമാം കാറിൽ പിന്തുടരുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവം അങ്ങേയറ്റം ഭയാനകവും ക്രൂരവുമാണെന്ന് മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. ഇത്തരം അക്രമങ്ങൾക്കും ഇസ്‌ലാമോഫോബിയയ്ക്കും കാനഡയിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയുടെ തെളിവാണ് ഈ സംഭവമെന്നും, മുസ്ലിം വിരുദ്ധതയ്ക്കെതിരെ ഭരണാധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ് ആവശ്യപ്പെട്ടു.