സർക്കാരിൻ്റെ കടത്തിൻ്റെ പലിശയിനത്തിൽ കാനഡക്കാർ ഈ വർഷം 3,348 ഡോളർ വരെ നൽകേണ്ടിവരുമെന്ന് റിപ്പോർട്ട്

By: 600110 On: Jun 20, 2026, 11:50 AM

 

കാനഡയിലെ ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകൾ വരുത്തിവെച്ച വർദ്ധിച്ചുവരുന്ന കടബാധ്യതകൾ മൂലം ഈ വർഷം രാജ്യത്തെ ഓരോ നികുതിദായകനും വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുമെന്ന് പഠനം.  ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റേതാണ്  പുതിയ പഠനം.  കണക്കുകൾ പ്രകാരം, കാനഡയിലെ ഫെഡറൽ, പ്രൊവിൻഷ്യൽ സർക്കാരുകളുടെ ആകെ പലിശ ബാധ്യത ഈ സാമ്പത്തിക വർഷം 94.4 ബില്യൺ ഡോളറിലെത്തും. ഇതോടെ പ്രവിശ്യകൾക്ക് അനുസരിച്ച് ഓരോ പൗരനും ശരാശരി 1,845 ഡോളർ മുതൽ 3,348 ഡോളർ വരെ കടത്തിൻ്റെ പലിശ വീട്ടാനായി മാത്രം ചിലവഴിക്കേണ്ടി വരുന്നതിന് തുല്യമാണ്. ഫെഡറൽ സർക്കാർ മാത്രം പലിശയിനത്തിൽ 54 ബില്യൺ ഡോളറാണ് ചിലവിടുന്നത്. ഇത് രാജ്യത്തെ കുട്ടികളുടെ ക്ഷേമ ആനുകൂല്യങ്ങൾക്കായി നീക്കിവെച്ചിരിക്കുന്ന തുകയേക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.  

രാജ്യത്തെ വിവിധ പ്രവിശ്യകളിൽ പൗരന്മാർക്ക് മേലുള്ള ഈ സാമ്പത്തിക ഭാരം വലിയ വ്യത്യാസങ്ങളോടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ താമസക്കാരാണ് ഈ പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ സാമ്പത്തിക ഭാരം ചുമക്കുന്നത്. ഇവിടെ പ്രതിശീർഷ പലിശ ബാധ്യത 3,348 ഡോളറാണ്. എന്നാൽ ആൽബെർട്ട പ്രവിശ്യയിൽ പ്രതിശീർഷ ബാധ്യത 1,845 ഡോളർ മാത്രമാണ്. സർക്കാരുകൾ തങ്ങളുടെ വരുമാനത്തിൻ്റെ വലിയൊരു പങ്ക് പലിശ അടയ്ക്കാനായി കടക്കാർക്ക് നൽകുമ്പോൾ, പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ സേവനങ്ങൾക്കുള്ള ബജറ്റ് വിഹിതമാണ് ഇല്ലാതാകുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.