കാനഡയിൽ ജനസംഖ്യാ വളർച്ച മന്ദഗതിയിലാകുമ്പോഴും കുടിയേറ്റ നിരക്ക് ഉയർന്ന നിലയിൽ

By: 600110 On: Jun 20, 2026, 11:43 AM

 

കാനഡയിൽ തുടർച്ചയായ മൂന്നാം പാദത്തിലും ജനസംഖ്യയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒൻപത് മാസത്തിനിടെ ചരിത്രത്തിലാദ്യമായി രാജ്യത്തെ ജനസംഖ്യയിൽ 1,80,000 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. 2022 നും 2024 നും ഇടയിൽ രാജ്യത്തുണ്ടായ താല്ക്കാലിക കുടിയേറ്റക്കാരുടെ വൻ വർദ്ധനവിന് ഒട്ടാവ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ഈ ഇടിവിന് പ്രധാന കാരണം.

താല്ക്കാലിക കുടിയേറ്റം കുറഞ്ഞെങ്കിലും മറ്റ് കുടിയേറ്റ മാർഗ്ഗങ്ങളിലൂടെ കാനഡയിലെത്തുന്നവരുടെ എണ്ണം ഇപ്പോഴും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പ്രത്യേകിച്ച് അഭയം തേടി കാനഡയിലെത്തുന്നവരുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ വർദ്ധനവാണുണ്ടാകുന്നത്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം കാനഡയിൽ നിലവിൽ 525,479 അഭയാർത്ഥികളാണുള്ളത്.

സ്ഥിരമായ കുടിയേറ്റത്തിൻ്റെ കാര്യത്തിലും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നിലേക്കാണ് കാനഡ നീങ്ങുന്നത്. 2026-ന്റെ ആദ്യ നാല് മാസങ്ങളിൽ മാത്രം 83,149 സ്ഥിരതാമസക്കാരാണ് കാനഡയിലെത്തിയത്. ഇതേ നിരക്ക് തുടർന്നാൽ ഈ വർഷം അവസാനത്തോടെ പുതിയ സ്ഥിരതാമസക്കാരുടെ എണ്ണം 3,30,000 കടക്കും. കാനഡ സർക്കാർ ലക്ഷ്യമിട്ടതിലും ഉയർന്ന നിരക്കിലുള്ള ഈ സ്ഥിര കുടിയേറ്റവും അഭയാർത്ഥി പ്രവാഹവും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾക്കും പാർപ്പിട വിപണിക്കും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെ രാജ്യത്തിൻ്റെ നിലവിലെ കുടിയേറ്റ നയങ്ങളെക്കുറിച്ചും സാമൂഹിക സുസ്ഥിരതയെക്കുറിച്ചുമുള്ള രാഷ്ട്രീയ ചർച്ചകൾ കാനഡയിൽ വീണ്ടും സജീവമായിരിക്കുകയാണ്.