കാൽഗറിയിൽ വീടുകൾ കേന്ദീകരിച്ചുള്ള മോഷണം വർദ്ധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

By: 600110 On: Jun 20, 2026, 11:14 AM

 

കാനഡയിലെ വിവിധ പ്രവിശ്യകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രാവലിംഗ് ക്രൈം ഗ്രൂപ്പ്സ് കാൽഗറി നഗരത്തിലെ വീടുകൾ കേന്ദ്രീകരിച്ച് വ്യാപകമായി മോഷണം നടത്തുന്നതായി റിപ്പോർട്ട്.  ഇതിനെതിരെ ജനങ്ങൾക്ക് കാൽഗറി പൊലീസ് മുന്നറിയിപ്പ് നൽകി. കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കുമായി നഗരത്തിലെ പ്രമുഖ റെസിഡൻഷ്യൽ തെരുവുകളിൽ പൊലീസ് മുന്നറിയിപ്പ് ബോർഡുകൾ  സ്ഥാപിച്ചുവരികയാണ്.

ഡിജിറ്റൽ, സമൂഹമാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണങ്ങളേക്കാൾ ഇത്തരം  പരസ്യബോർഡുകൾ ജനങ്ങളിൽ കൂടുതൽ ജാഗ്രത ഉണ്ടാക്കുന്നുണ്ടെന്നും, ഇവ സ്ഥാപിച്ച മേഖലകളിൽ മോഷണശ്രമങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും കൽഗറി പൊലീസ് സൂപ്രണ്ട്  വ്യക്തമാക്കി. ഈ വർഷത്തിൻ്റെ തുടക്കം മുതൽ കാൽഗറിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നാൽപ്പതിലധികം ആസൂത്രിത മോഷണങ്ങൾക്ക് പിന്നിൽ ഈ അന്തർസംസ്ഥാന സംഘമാണെന്നാണ് അന്വേഷണസംഘത്തിൻ്റെ നിഗമനം.

പ്രധാനമായും വടക്കുപടിഞ്ഞാറൻ, തെക്കൻ കാൽഗറി മേഖലകളിലെ ആഡംബര വീടുകളാണ് ഇവർ ലക്ഷ്യമിടുന്നത്. വൈകുന്നേരം 6 മണിക്കും 8 മണിക്കും ഇടയിൽ വീടുകളുടെ പിൻവാതിലുകളോ ജനലുകളോ പരിശോധിച്ച് സുരക്ഷാ പാളിച്ചകൾ മുതലെടുത്താണ് മോഷണം നടത്തുന്നത്. ഈ സാഹചര്യത്തിൽ വാതിലുകളും ജനലുകളും കൃത്യമായി പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, വീടുകളിൽ ലൈറ്റുകൾ തെളിയിച്ചിടാനും അയൽപക്കങ്ങളിൽ സംശയാസ്പദമായി എന്തെങ്കിലും  ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.