ആൽബർട്ട സ്വതന്ത്ര രാജ്യമാകണമെന്ന ആവശ്യവുമായി പുതിയ ക്യാമ്പയിന് തുടക്കമിട്ട് വിഘടനവാദികൾ

By: 600110 On: Jun 20, 2026, 10:08 AM

 

കാനഡയിൽ നിന്നും വേർപെട്ട് സ്വതന്ത്ര രാജ്യമാകണമെന്ന ആവശ്യവുമായി ആൽബർട്ട പ്രവിശ്യയിലെ വിഘടനവാദികൾ ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചു. വെള്ളിയാഴ്ച കാൽഗറിയിൽ ചേർന്ന യോഗത്തിലാണ്  Let Alberta Decide എന്ന പേരിൽ പുതിയ ക്യാമ്പയിന് തുടക്കമിട്ടത്. കാനഡയിൽ നിന്ന് മാറി സ്വതന്ത്രമായി നിലനിൽക്കാനുള്ള സാമ്പത്തിക ശേഷിയും ഊർജ്ജ-കാർഷിക വിഭവങ്ങളും പ്രവിശ്യയ്ക്കുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ ക്യാമ്പൻ്റെ ലക്ഷ്യം.

വാർത്താമാധ്യമങ്ങൾ, സോഷ്യൽ മീഡിയ, പരസ്യങ്ങൾ എന്നിവ വഴിയാണ് ഇവർ വരുംദിവസങ്ങളിൽ പ്രചാരണം നടത്തുക. പ്രമുഖ വിഘടനവാദിയായ കീത്ത് വിൽസൺ ആണ് ഈ നീക്കത്തിന് പിന്നിലുള്ള പ്രധാനികളിലൊരാൾ. നിലവിൽ ഭൂരിഭാഗം ജനങ്ങളും കാനഡയിൽ തുടരാൻ ആഗ്രഹിക്കുന്നവരാണെന്നും, വലിയൊരു വെല്ലുവിളിയാണ് തങ്ങൾ നേരിടുന്നതെന്നും കീത്ത് വിൽസൺ മാധ്യമങ്ങളോട് സമ്മതിച്ചു. എങ്കിലും കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചാൽ മാറ്റമുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ആൽബർട്ട കാനഡയിൽ തുടരണോ എന്നതുമായി ബന്ധപ്പെട്ട് ഈ വർഷം ഒക്ടോബർ 19-ന് ജനഹിതപരിശോധന നടക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.  വേർപിരിയൽ ചർച്ചകൾ ആൽബർട്ടയിലെ പ്രാദേശിക സമൂഹങ്ങൾക്കിടയിൽ വലിയ ചേരിതിരിവ് ഉണ്ടാക്കുന്നുണ്ട്. പ്രവിശ്യയുടെ പതാകകൾ വച്ചുള്ള വിഘടനവാദികളുടെ ഒരു നിശ്ചലദൃശ്യം ഒഴിവാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ ഭീഷണികളെ തുടർന്ന് സൺഡ്രേയിൽ ഒരു റോഡിയോ പരേഡ് റദ്ദാക്കേണ്ടി വന്നു.

മറ്റൊരു സ്ഥലത്ത് വിഘടനവാദ പരസ്യബോർഡുകൾ മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടിട്ടും അവ നീക്കം ചെയ്യാൻ തയ്യാറായിട്ടില്ല. വലിയൊരു വിഭാഗം ജനങ്ങളും കാനഡയിൽ തുടരാൻ ആഗ്രഹിക്കുമ്പോഴും വിഘടനവാദികളുടെ പുതിയ നീക്കം രാജ്യത്ത് വലിയ ചർച്ചയായിരിക്കുകയാണ്.