വ്യാജ സൗന്ദര്യവര്‍ദ്ധക കുത്തിവെയ്പ്പിനെ തുടര്‍ന്ന് യുവതി മരിച്ച കേസില്‍ കോസ്‌മെറ്റോളജിസ്റ്റ് വിവിയന്‍ അലക്‌സാണ്ട്ര ഗോമസിന് നാല് വര്‍ഷം തടവ് ശിക്ഷ

By: 600002 On: Jun 20, 2026, 10:01 AM




പി പി ചെറിയാന്‍

കാലിഫോര്‍ണിയ :ഹോട്ടല്‍ മുറിയില്‍ വെച്ച് അനധികൃതമായി സൗന്ദര്യവര്‍ദ്ധക കുത്തിവെയ്പ്പ് നല്‍കി യുവതിയുടെ മരണത്തിന് ഇടയാക്കിയ കേസില്‍ വ്യാജ കോസ്‌മെറ്റോളജിസ്റ്റിന് നാല് വര്‍ഷം തടവ് ശിക്ഷ. കിം കര്‍ദാഷിയാന്റെ അപരയായി സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ ഓണ്‍ലിഫാന്‍സ് മോഡല്‍ ക്രിസ്റ്റീന ഗോര്‍ക്കാനി (34) മരിച്ച കേസിലാണ് ഫ്‌ലോറിഡ സ്വദേശിനിയായ വിവിയന്‍ ഗോമസിന് (50) കാലിഫോര്‍ണിയ കോടതി ശിക്ഷ വിധിച്ചത്.

2023 ഏപ്രിലില്‍ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് ലൈസന്‍സില്ലാത്ത വിവിയന്‍, ക്രിസ്റ്റീനയ്ക്ക് അനധികൃത സിലിക്കണ്‍ കുത്തിവെയ്പ്പ് നടത്തിയത്. ഇതിന് തൊട്ടുപിന്നാലെ ശ്വാസതടസ്സവും ഹൃദയാഘാതവും അനുഭവപ്പെട്ട ക്രിസ്റ്റീന തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് സാന്‍ മാറ്റെയോ കൗണ്ടി സുപ്പീരിയര്‍ കോടതി ഇപ്പോള്‍ വിവിയനെ ശിക്ഷിച്ചത്. അമേരിക്കയില്‍ ശരീരവടിവ് കൂട്ടാന്‍ സിലിക്കണ്‍ കുത്തിവെയ്ക്കുന്നത് എഫ്.ഡി.എ  അംഗീകരിച്ചിട്ടില്ല.

വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ താല്പര്യമില്ലെന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും വിവിയന്‍ കോടതിയെ അറിയിച്ചു. വശ്യതയാര്‍ന്ന ശരീരവടിവിനായുള്ള കുറുക്കുവഴികള്‍ ഒരാളുടെ ജീവനെടുത്തപ്പോള്‍, മറ്റൊരാളുടെ സ്വാതന്ത്ര്യമാണ് നഷ്ടമാക്കിയത്.