നോര്‍ത്ത് ടെക്‌സസില്‍ കനത്ത കൊടുങ്കാറ്റും പ്രളയവും: നാല്‍പ്പതിനായിരത്തിലേറെ പേര്‍ ഇരുട്ടില്‍; ഡി.എഫ്.ഡബ്ല്യു, ലവ് ഫീല്‍ഡ് വിമാനത്താവളങ്ങളില്‍ 400-ലധികം സര്‍വീസുകള്‍ റദ്ദാക്കി!  

By: 600002 On: Jun 20, 2026, 9:56 AM



 

പി പി ചെറിയാന്‍

ഡാളസ്: യുഎസില്‍ ജൂണ്‍ടീന്‍ത് ആഘോഷങ്ങള്‍ പുരോഗമിക്കുന്നതിനിടെ നോര്‍ത്ത് ടെക്‌സസ് മേഖലയെ തകിടം മറിച്ച് കനത്ത ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും പെട്ടെന്നുള്ള വെള്ളപ്പൊക്കവും. മോശം കാലാവസ്ഥയെ തുടര്‍ന്ന് മേഖലയിലെ നാല്‍പ്പതിനായിരത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടു.

വ്യോമഗതാഗതത്തെയും കൊടുങ്കാറ്റ് ബാധിച്ചിട്ടുണ്ട്. ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (DFW), ഡാളസ് ലവ് ഫീല്‍ഡ് (Love Field) എന്നീ പ്രധാന വിമാനത്താവളങ്ങളിലായി എണ്ണൂറിലധികം സര്‍വീസുകള്‍ വൈകുകയും, നാനൂറിലധികം വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായി റദ്ദാക്കുകയും ചെയ്തു. പതിനായിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.

പവര്‍ കട്ട്: പ്രാദേശിക വൈദ്യുതി വിതരണ കമ്പനിയായ ഓണ്‍കോറിന്റെ (Oncor) വിവരങ്ങള്‍ പ്രകാരം ഡാളസ് കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. ഇവിടെ മാത്രം മുപ്പതിനായിരത്തോളം ഉപഭോക്താക്കള്‍ ഇരുട്ടിലാണ്. ഡെന്റണ്‍, കോളിന്‍, ടാരന്റ് കൗണ്ടികളിലും വൈദ്യുതി ബന്ധം തകരാറിലായി.

കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും ജൂണ്‍ടീന്‍ത് പരേഡുകളും മറ്റ് പൊതുപരിപാടികളും താല്‍ക്കാലികമായി മാറ്റിവെക്കുകയോ വൈകുകയോ ചെയ്തു.