സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ മധുരവുമായി ജൂണ്‍ടീന്‍ത്; ചിക്കാഗോയില്‍ ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്റര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു!

By: 600002 On: Jun 20, 2026, 9:52 AM




പി പി ചെറിയാന്‍

ചിക്കാഗോ: അമേരിക്കയിലുടനീളം ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ അടിമത്ത മോചനത്തിന്റെ ഓര്‍മ്മ പുതുക്കുന്ന 'ജൂണ്‍ടീന്‍ത്' (June 19) ആഘോഷമാക്കുമ്പോള്‍, രാജ്യത്തിന് മറ്റൊരു ചരിത്രമുഹൂര്‍ത്തം കൂടി. മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പേരിലുള്ള 'ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്റര്‍' ചിക്കാഗോയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

മൂന്ന് മുന്‍ പ്രസിഡന്റുമാരും ലോകനേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങുകളോടെയായിരുന്നു ഈ ചരിത്രകേന്ദ്രത്തിന്റെ സമര്‍പ്പണം. ലോകനേതാക്കളും സംഗീത പ്രതിഭകളും ഒത്തുചേര്‍ന്ന വേദിചിക്കാഗോയിലെ പ്രശസ്തമായ ജാക്‌സണ്‍ പാര്‍ക്കിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ഈ സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഔദ്യോഗിക ചടങ്ങില്‍ സ്റ്റീവി വണ്ടര്‍, ജോണ്‍ ലെജന്‍ഡ്, ബ്രൂസ് സ്പ്രിങ്സ്റ്റീന്‍, ബോണോ, ക്രിസ്റ്റീന അഗീലീര തുടങ്ങിയ ലോകോത്തര സംഗീതജ്ഞരും സൂപ്പര്‍താരങ്ങളും തങ്ങളുടെ പ്രകടനങ്ങളുമായി വേദി സജീവമാക്കി.

അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരുടെ സ്വാതന്ത്ര്യദിനമായി കണക്കാക്കപ്പെടുന്ന ദിവസമാണ് ജൂണ്‍ 19 അഥവാ ജൂണ്‍ടീന്‍ത്. 1865 ജൂണ്‍ 19-നാണ് ടെക്‌സസിലെ ഗാല്‍വെസ്റ്റണിലുള്ള അടിമകളാക്കപ്പെട്ട ജനങ്ങള്‍ തങ്ങള്‍ സ്വതന്ത്രരായെന്ന വാര്‍ത്ത ആദ്യമായി അറിയുന്നത്. ഈ ചരിത്രപ്രാധാന്യമുള്ള ദിനത്തില്‍ തന്നെ അമേരിക്കയുടെ ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായ പ്രസിഡന്റിന്റെ സ്മാരകം ജനങ്ങള്‍ക്കായി തുറന്നുനല്‍കി എന്നത് ചടങ്ങിന്റെ മാറ്റ് കൂട്ടി.'ഇതൊരു മ്യൂസിയം മാത്രമല്ല, വരുംതലമുറയ്ക്ക് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പ്രചോദനം നല്‍കുന്ന ഒരു സാംസ്‌കാരിക കേന്ദ്രമാണ്.' - ഉദ്ഘാടന വേളയില്‍ ബരാക് ഒബാമ പറഞ്ഞു.

രാജ്യമൊട്ടാകെ ജൂണ്‍ടീന്‍ത് ലഹരിയില്‍ ഒബാമ സെന്ററിന്റെ ഉദ്ഘാടനത്തോടൊപ്പം അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ലൊസാഞ്ചലസിലെ ലെമേര്‍ട്ട് പാര്‍ക്കിലും ടെക്‌സസിലെ ഗാല്‍വെസ്റ്റണിലും ആഫ്രിക്കന്‍ പരമ്പരാഗത ഡ്രം മേളങ്ങളും പരേഡുകളുമായി ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി. 

അടിമത്തത്തിന്റെ കറുത്ത അധ്യായങ്ങളെ അതിജീവിച്ച ജനതയുടെ അവകാശപ്പോരാട്ടങ്ങളുടെയും സംസ്‌കാരത്തിന്റെയും പ്രഖ്യാപനമായി മാറി ഈ വര്‍ഷത്തെ ജൂണ്‍ടീന്‍ത് ആഘോഷങ്ങള്‍.