കാൽഗറിയിൽ സ്കൂൾ വിദ്യാർത്ഥിയെ വധിക്കാൻ ശ്രമം: 17-കാരൻ പിടിയിൽ

By: 600110 On: Jun 20, 2026, 8:59 AM

കാനഡയിലെ കാൽഗറിയിലുള്ള 'ലെസ്റ്റർ ബി. പിയേഴ്സൺ' ഹൈസ്കൂളിൽ വിദ്യാർത്ഥിയെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ 17 വയസ്സുകാരനായ മുൻ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കത്തിയുമായി സ്കൂളിൽ അതിക്രമിച്ചു കയറിയ യുവാവ് അവിടുത്തെ സാധനങ്ങൾ തല്ലിത്തകർക്കുകയും, വിദ്യാർത്ഥികളെയും അധ്യാപകരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഒരു വിദ്യാർത്ഥിയെ കുത്തിക്കൊല്ലാനും ശ്രമിച്ചു.

അക്രമത്തെ തുടർന്ന് സ്കൂൾ അധികൃതർ അടിയന്തരമായി ക്ലാസ് മുറികൾ ഉള്ളിൽനിന്ന് പൂട്ടി . വിവരമറിഞ്ഞ് മിനിറ്റുകൾക്കകം പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ സ്കൂളിനുള്ളിൽ വെച്ച് തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് സ്കൂളിലെ മുഴുവൻ മുറികളും പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് വീണ്ടും തുറന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് പ്രതി സ്കൂളിലെത്തി അക്രമം നടത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പിടിയിലായ 17-കാരനെതിരെ വധശ്രമം, വധഭീഷണി മുഴക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്:

പ്രായപൂർത്തിയാകാത്തതിനാൽ കാനഡയിലെ നിയമപ്രകാരം പ്രതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ 2026 ജൂൺ 22-ന് കോടതിയിൽ ഹാജരാക്കും. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ പോലീസുമായോ ക്രൈം സ്റ്റോപ്പേഴ്സുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.