മയാമിയില്‍ ലക്ഷങ്ങളുടെ ആഡംബര വസ്തുക്കള്‍ മോഷ്ടിച്ചു; ഇന്ത്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍

By: 600002 On: Jun 20, 2026, 8:56 AM

 


പ്രസാദ് തീയാടിക്കല്‍

മയാമി ഫ്‌ളോറിഡ: ഫ്‌ലോറിഡയിലെ മയാമി നഗരത്തിലെ വിന്‍വുഡ് മേഖലയിലുള്ള പ്രമുഖ ആഡംബര വസ്തുക്കളുടെ വില്‍പ്പനശാലയില്‍ നിന്ന് പതിനായിരക്കണക്കിന് ഡോളര്‍ വിലവരുന്ന ഡിസൈനര്‍ വസ്തുക്കള്‍ മോഷ്ടിച്ചെന്നാരോപിച്ച് ഇന്ത്യന്‍ വംശജനായ 22-കാരന്‍ ധിര്‍ പട്ടേലിനെ (Dhir Patel) പോലീസ് അറസ്റ്റ് ചെയ്തു.

മയാമി പോലീസിന്റെ അന്വേഷണപ്രകാരം, ബോയിന്റണ്‍ ബീച്ച് സ്വദേശിയായ പട്ടേല്‍ പതിവായി സാവോണ്‍ഷസ് (Savonches) എന്ന ആഡംബര വസ്തുക്കളുടെ റീസെയില്‍ സ്റ്റോറില്‍ എത്താറുണ്ടായിരുന്നു. ആദ്യം വസ്തുക്കള്‍ വിറ്റ് പണം വാങ്ങുന്ന ഉപഭോക്താവെന്ന നിലയിലാണ് ഇയാള്‍ കടയിലെത്തിയിരുന്നതെന്ന് അധികൃതര്‍ പറയുന്നു.

എന്നാല്‍ മാര്‍ച്ച് 30 മുതല്‍ ജൂണ്‍ മധ്യം വരെ നടന്ന നിരവധി സന്ദര്‍ശനങ്ങളില്‍ ഇയാള്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ രഹസ്യമായി ബാഗില്‍ ഒളിപ്പിച്ച് കടയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ മൂല്യം ഏകദേശം 41,550 ഡോളറാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെങ്കിലും, കടയുടമയുടെ കണക്കുപ്രകാരം നഷ്ടം 55,000 മുതല്‍ 60,000 ഡോളര്‍ വരെ എത്തിയേക്കാമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ജൂണ്‍ 13ന് (ശനിയാഴ്ച) വീണ്ടും കടയിലെത്തി ചില വസ്തുക്കള്‍ വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് പട്ടേല്‍ പിടിയിലായത്. തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഗ്രാന്‍ഡ് തെഫ്റ്റ് (Grand Theft) കുറ്റം ചുമത്തിയ ഇയാള്‍ 5,000 ഡോളര്‍ ജാമ്യം അടച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. കേസ് സംബന്ധിച്ച നിയമനടപടികള്‍ തുടരുകയാണ്.