കാനഡാ സ്ട്രോങ്ങ് പാസ് തിരിച്ചെത്തി: യാത്രാ-വിനോദസഞ്ചാര മേഖലകളിൽ വൻ ഇളവുകൾ

By: 600110 On: Jun 20, 2026, 8:47 AM

 

 

കാനഡയിൽ വേനൽക്കാലത്തെ തിരക്കേറിയ വിനോദസഞ്ചാര സീസണിന് മുന്നോടിയായി 'കാനഡാ സ്ട്രോങ്ങ് പാസ്' വീണ്ടും അവതരിപ്പിച്ചു. രാജ്യത്തുടനീളമുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൌജന്യ പ്രവേശനവും വൻ ഇളവുകളുമാണ് ഈ പാസ് വഴി സഞ്ചാരികൾക്ക് ലഭിക്കുക. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ യു.എസ് പ്രസിഡൻ്റ്  ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ നികുതി നിയന്ത്രണങ്ങളെ തുടർന്ന്, ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായാണ് 2025 ഏപ്രിലിൽ പ്രധാനമന്ത്രി മാർക്ക് കാർണി ഈ പദ്ധതിക്ക് തുടക്കമിട്ടത്. കഴിഞ്ഞ വർഷം ഈ പദ്ധതി വൻ വിജയമായിരുന്നു.

2026 ജൂൺ 19 മുതൽ 2026 സെപ്റ്റംബർ 7 വരെയാണ് ഈ പാസിൻ്റെ കാലാവധി. ഇതിനായി പ്രത്യേക ഡിജിറ്റൽ പാസോ രജിസ്ട്രേഷനോ ആവശ്യമില്ല. ടിക്കറ്റ് കൌണ്ടറുകളിൽ ഇളവുകൾ നേരിട്ട് ലഭ്യമാകും. കാനഡയിലെ പ്രമുഖ ദേശീയ-പ്രദേശിക മ്യൂസിയങ്ങളിൽ 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം പൂർണ്ണമായും സൌജന്യമാണ്. 18 മുതൽ 24 വയസ്സുവരെയുള്ള യുവാക്കൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും. ഹാലിഫാക്സിലെ കനേഡിയൻ മ്യൂസിയം ഓഫ് ഇമിഗ്രേഷൻ, വിന്നിപെഗിലെ ഹ്യൂമൻ റൈറ്റ്സ് മ്യൂസിയം എന്നിവയുൾപ്പെടെ ഒരു ഡസനോളം ദേശീയ മ്യൂസിയങ്ങൾ ഈ പദ്ധതിക്ക് കീഴിലുണ്ട്.

ദേശീയ പാർക്കുകൾ, ചരിത്ര സ്മാരകങ്ങൾ, മറൈൻ കൺസർവേഷൻ ഏരിയകൾ എന്നിവിടങ്ങളിലേക്ക് പ്രവേശനം സൌജന്യമാണ്. പാർക്കുകളിലെ ക്യാമ്പിങ് നിരക്കുകളിൽ 25 ശതമാനം ഇളവുണ്ടാകും. ബാൻഫ് നാഷണൽ പാർക്ക് ,  പസഫിക് റിം നാഷണൽ പാർക്ക് തുടങ്ങിയ പ്രമുഖ പാർക്കുകളെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.  ദേശീയ ജലപാതകളിലൂടെ ബോട്ട്, കാനോയിങ്, കയാക്കിങ് എന്നിവ നടത്തുന്നവർക്ക് ലോക്കേജുകൾ സൌജന്യമായിരിക്കും.ട്രെയിൻ യാത്രകൾക്കായി വിയാ റെയിലിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്നവർക്കൊപ്പം യാത്ര ചെയ്യുന്ന 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് യാത്ര പൂർണ്ണമായും സൌജന്യമാണ്. 18 മുതൽ 24 വയസ്സുവരെയുള്ളവർക്ക് എക്കോണമി ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് ലഭിക്കും.

കഴിഞ്ഞ വർഷം ഈ പദ്ധതി വഴി സഞ്ചാരികളുടെ എണ്ണത്തിൽ 15 ശതമാനത്തിലധികം വർദ്ധനവുണ്ടായതിനാൽ, പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.