സസ്കാച്ചവാനിലെ റെജീനയിലുണ്ടായ ശക്തമായ ആലിപ്പഴ വീഴ്ചയെത്തുടർന്ന് വൻ നാശനഷ്ടം. ഏകദേശം 80 ദശലക്ഷം ഡോളറിൻ്റെ) പ്രാഥമിക നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. സർക്കാർ ഇൻഷുറൻസ് കമ്പനിയായ എസ്.ജി.ഐ നൽകുന്ന വിവരങ്ങൾ പ്രകാരം, ജൂൺ ഒൻപതിലെ കൊടുങ്കാറ്റിന് ശേഷം 10,000-ത്തിലധികം വാഹന ക്ലെയിമുകളും എണ്ണൂറിലധികം പ്രോപ്പർട്ടി ക്ലെയിമുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരത്തിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് കൊടുങ്കാറ്റ് കൂടുതൽ നാശം വിതച്ചത്. വീടുകൾ, വാഹനങ്ങൾ, മരങ്ങൾ എന്നിവയ്ക്ക് വ്യാപകമായ കേടുപാടുകൾ സംഭവിച്ചു.
ക്ലെയിമുകളുടെ എണ്ണം അനിയന്ത്രിതമായി ഉയർന്നതോടെ ജനങ്ങളെ സഹായിക്കാൻ ഇൻഷുറൻസ് കമ്പനി പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ജീവനക്കാരുടെ എണ്ണവും ജോലി സമയവും വർദ്ധിപ്പിച്ചു. ഇതിന് പുറമെ അവധി ദിവസങ്ങളിൽ പ്രത്യേക ക്യാമ്പുകളും നടത്തുന്നുണ്ട്. വാഹനങ്ങളുടെ വിൻഡ്ഷീൽഡിന് കേടുപാടുകൾ സംഭവിച്ച് യാത്ര ചെയ്യാൻ സുരക്ഷിതമല്ലാത്ത അവസ്ഥയാണെങ്കിൽ, ഇൻഷുറൻസ് ഉദ്യോഗസ്ഥർ വരുന്നത് വരെ കാത്തുനിൽക്കാതെ അറ്റകുറ്റപ്പണികൾ നടത്താമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനായി കേടുപാടുകളുടെ ചിത്രങ്ങളും ബില്ലുകളും സൂക്ഷിച്ചാൽ മതിയാകും.
റെജീനയിലെ മാത്രമല്ല, പടിഞ്ഞാറൻ കാനഡയിലുടനീളം സമാനമായ പ്രതിസന്ധിയാണ് ഇൻഷുറൻസ് മേഖല നേരിടുന്നത്. മാനിറ്റോബയിൽ കാറ്റും ആലിപ്പഴ വീഴ്ചയും കാരണം 22,000-ത്തോളം ക്ലെയിമുകൾ ലഭിച്ചതിനെ തുടർന്ന് പ്രത്യേക 'ഹെയിൽ റെസ്‌പോൺസ് സെൻ്റർ തന്നെ തുറക്കേണ്ടി വന്നു. ആൽബർട്ടയിലും സമാനമായ രീതിയിൽ പ്രകൃതിക്ഷോഭങ്ങൾ ഇൻഷുറൻസ് തുക വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഇത്തരം ശക്തമായ കൊടുങ്കാറ്റുകളും പ്രകൃതിക്ഷോഭങ്ങളും വരും ദിവസങ്ങളിലും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്.