ഇന്തോനേഷ്യയിലേക്കുള്ള യാത്രാ നിർദ്ദേശങ്ങൾ പുതുക്കി കാനഡ; ഡിജിറ്റൽ രജിസ്ട്രേഷൻ നിർബന്ധമാക്കി

By: 600110 On: Jun 19, 2026, 2:44 PM

ഇന്തോനേഷ്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്കായുള്ള  യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ച് കാനഡ. പുതിയ നിബന്ധനകൾ പ്രകാരം, ഇന്തോനേഷ്യയിലേക്ക് പോകുന്ന വിദേശ വിനോദസഞ്ചാരികൾ രാജ്യത്ത് എത്തുന്നതിന് 72 മണിക്കൂറിനുള്ളിൽ ഓൾ ഇന്തോനേഷ്യ ഡിക്ലറേഷൻ ഫോം നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഓൺലൈൻ പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യാം.

ഒരുമിച്ച് യാത്ര ചെയ്യുന്ന പത്തുപേരുടെ വരെയുള്ള വിവരങ്ങൾ ഒരൊറ്റ ഫോമിൽ രേഖപ്പെടുത്താൻ ഇതിൽ സൗകര്യമുണ്ട്.  അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന ക്യുആർ കോഡ്, ഇമിഗ്രേഷൻ-കസ്റ്റംസ് പരിശോധനാ വേളകളിൽ ഹാജരാക്കാൻ യാത്രക്കാർ പകർപ്പ് സൂക്ഷിക്കേണ്ടതാണ്. ഡിജിറ്റൽ ഡിക്ലറേഷൻ ഫോമിന് പുറമെ, മറ്റ് പൊതുവായ പ്രവേശന മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രാലയം  മുന്നറിയിപ്പ് നൽകി. യാത്രാവേളയിൽ ആവശ്യാനുസരണം ഹാജരാക്കുന്നതിനായി മടക്കയാത്രാ ടിക്കറ്റും താമസച്ചെലവുകൾക്ക് ആവശ്യമായ തുക ഉണ്ട് എന്നതിൻ്റെ   തെളിവും യാത്രക്കാർ പക്കൽ കരുതേണ്ടതുണ്ട്.

മുൻവർഷത്തെ അപേക്ഷിച്ച് ഇന്തോനേഷ്യൻ ടൂറിസം മേഖലയിൽ 10.8 ശതമാനം വളർച്ച രേഖപ്പെടുത്തുകയും, 2025-ൽ മാത്രം 1.5 കോടിയിലധികം വിദേശ സഞ്ചാരികൾ രാജ്യം സന്ദർശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ പുതിയ സുരക്ഷാ ക്രമീകരണങ്ങൾ. എന്നാൽ, രാജ്യത്തിൻ്റെ ഉയർന്ന ജനപ്രീതിക്കിടയിലും, നിലവിലുള്ള രാഷ്ട്രീയ-സാമൂഹിക അസ്വസ്ഥതകളും ഭീകരവാദ ഭീഷണികളും കണക്കിലെടുത്ത് ഇന്തോനേഷ്യയിലുടനീളം യാത്ര ചെയ്യുമ്പോൾ കനത്ത ജാഗ്രത  പുലർത്തണമെന്ന് കാനഡ പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.