ഒൻ്റാരിയോയിൽ അടുത്ത 10 വർഷത്തിനിടെ 10 ലക്ഷത്തിലധികം സർവ്വകലാശാലാ ബിരുദധാരികളെ ആവശ്യമുണ്ടെന്ന് പഠന റിപ്പോർട്ട്

By: 600110 On: Jun 19, 2026, 12:51 PM

  

ഒൻ്റാരിയോയുടെ സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനായി വരും വർഷങ്ങളിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള പ്രൊഫഷണലുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കണമെന്ന് കൗൺസിൽ ഓഫ് ഒൻ്റാരിയോ യൂണിവേഴ്സിറ്റീസിൻ്റെ പുതിയ പഠന റിപ്പോർട്ട്. 2035 വരെയുള്ള കാലയളവിൽ ശാസ്ത്ര-സാങ്കേതിക വിദ്യ , ആരോഗ്യം, ബിസിനസ്സ് തുടങ്ങിയ പ്രധാന മേഖലകളിൽ വലിയ തോതിൽ ഉയർന്ന വൈദഗ്ധ്യമുള്ള ജീവനക്കാരുടെക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സാമ്പത്തിക ആവശ്യങ്ങൾ മുൻനിർത്തി പ്രതിവർഷം ഒരു ലക്ഷത്തിലധികം ബിരുദധാരികളെ എങ്കിലും തൊഴിൽ വിപണിയിൽ ആവശ്യമുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.  ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്തി സീറ്റുകൾ വർദ്ധിപ്പിച്ചില്ലെങ്കിൽ, ഭാവിയിൽ ഉണ്ടാകാൻ പോകുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ വർഷങ്ങളെടുക്കുമെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, പ്രവിശ്യയിലെ സർവ്വകലാശാലകളിൽ ആവശ്യമായ നിക്ഷേപങ്ങൾ സർക്കാർ ഇതിനകം തന്നെ ഉറപ്പാക്കുന്നുണ്ടെന്ന്  മന്ത്രി നോലൻ ക്വിന്നിൻ്റെ ഓഫീസ് അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി പ്രഖ്യാപിച്ച 6.4 ബില്യൺ ഡോളറിൻ്റെ പുതിയ ഫണ്ടിംഗ് പാക്കേജിൽ 1.7 ബില്യൺ ഡോളർ നീക്കിവച്ചിരിക്കുന്നത് ഡിമാൻഡുള്ള കോഴ്സുകളിലായി 70,000 പുതിയ സീറ്റുകൾ സൃഷ്ടിക്കാനാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ 'ഒൻ്റാരിയോ ലേൺ ആൻഡ് സ്റ്റേ ഗ്രാൻ്റ്' വഴി ആരോഗ്യമേഖലയിലെ പതിമൂവായിരത്തിലധികം വിദ്യാർത്ഥികൾക്ക് സഹായം നൽകിയതായും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന ഒസാപ്പ് ഗ്രാൻ്റുകളിൽ വരുത്തിയ സമീപകാല വെട്ടിക്കുറയ്ക്കലുകൾ ഭാവിയിൽ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് എത്തുന്ന യുവാക്കളുടെ എണ്ണം കുറയ്ക്കുമെന്ന ആശങ്കയും ഈ പഠന റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ശക്തമാകുന്നുണ്ട്.