ഉയർന്ന ജീവിതച്ചെലവ് കാരണം ബുദ്ധിമുട്ടുന്നവർക്ക് പ്രവിശ്യാ ഭരണകൂടം പ്രഖ്യാപിച്ച 100 ഡോളറിൻ്റെ ആശ്വാസ ധനസഹായം അപേക്ഷ സമർപ്പിച്ച് രണ്ട് ആഴ്ചയ്ക്കകം ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാകുമെന്ന് ആൽബർട്ട സർക്കാർ അറിയിച്ചു. ഇന്ധന നികുതി കുറയ്ക്കുന്നതിന് പകരമായാണ് സർക്കാർ ഈ സാമ്പത്തിക പാക്കേജ് ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നത്. നികുതി കുറയ്ക്കുമ്പോൾ അതിന്റെ പൂർണ്ണമായ ആനുകൂല്യം പലപ്പോഴും ഉപഭോക്താക്കൾക്ക് ലഭിക്കാറില്ലെന്നും, അതിനാൽ ജനങ്ങളെ നേരിട്ട് സഹായിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം ഇതാണെന്നും പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.
യു.എസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നതോടെ പ്രവിശ്യയ്ക്ക് ലഭിച്ച അധിക ഊർജ്ജ റോയൽറ്റി വരുമാനമാണ് ഈ ത്രൈമാസ ആശ്വാസ പദ്ധതിക്ക് വഴിയൊരുക്കിയത്. വാർഷിക കുടുംബവരുമാനം 2,25,000 ഡോളറോ അതിൽ താഴെയോ ഉള്ള 18 വയസ്സിന് മുകളിൽ പ്രായമുള്ള ആൽബർട്ട നിവാസികൾക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. പ്രവിശ്യയിലെ ഏകദേശം 34 ലക്ഷത്തോളം ജനങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഗുണഭോക്താക്കൾക്ക് ജൂലൈ ഒന്ന് മുതൽ ഇതിനായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകളിലെ വിവരങ്ങൾ പരിശോധിച്ച് തുക കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾക്ക് പരമാവധി രണ്ടാഴ്ചത്തെ സമയമെടുക്കുമെന്ന് ഫിനാൻസ് മിനിസ്റ്റർ ജേസൺ നിക്സൻ്റെ ഓഫീസ് അറിയിച്ചു.