മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; കേരളത്തിന്റെ നീക്കം അനുവദിക്കില്ലെന്ന് വിജയ് സര്‍ക്കാര്‍ 

By: 600002 On: Jun 19, 2026, 12:16 PM

 

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം അനുവദിക്കില്ലെന്ന് തമിഴ്‌നാട്ടിലെ ജോസഫ് വിജയ് സര്‍ക്കാര്‍ ആദ്യ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. തമിഴ്‌നാടിന്റെ കൂടി ചുമതലയുള്ള കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് വ്യാഴാഴ്ച നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം വായിച്ചത്. 

തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലെ ജനങ്ങളുടെ ജീവനാഡിയായ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിനും ജലനിരപ്പ് ഉയര്‍ത്തുന്നതിനും നടപടികള്‍ കൈക്കൊള്ളുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. അണക്കെട്ട് ബലപ്പെടുത്തുന്നത് തടയുകയും പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെടുകയുമാണ് കേരളം. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.