വ്യാജ കറൻസി നൽകി വെള്ളിക്കട്ടി തട്ടിയെടുത്തു: പ്രതിക്കായി കാൽഗറി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

By: 600110 On: Jun 19, 2026, 12:14 PM

 

ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസ്  വഴി നടത്തിയ വിൽപനയിൽ വ്യാജ കറൻസി നൽകി ലക്ഷങ്ങൾ വിലമതിക്കുന്ന വെള്ളിക്കട്ടി തട്ടിയെടുത്ത പ്രതിക്കായി കാൽഗറി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മാർച്ച് മൂന്നിന് വടക്കുകിഴക്കൻ മാൾബറോയിലെ ഒരു വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 ഔൺസ് തൂക്കം വരുന്ന വെള്ളിക്കട്ടി വാങ്ങാനെത്തിയ അപരിചിതനായ യുവാവ്, 100, 50, 20 ഡോളറിൻ്റെ കറൻസി നോട്ടുകളായാണ് തുക കൈമാറിയത്. എന്നാൽ, വിൽപനക്കാരൻ പിന്നീട് ബാങ്കിലെത്തി പണം നിക്ഷേപിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവ വ്യാജ നോട്ടുകളാണെന്ന് ബാങ്ക് അധികൃതർ കണ്ടെത്തിയത്.

പ്രതിയെ തിരിച്ചറിയാനുള്ള പോലീസിൻ്റെ ആദ്യഘട്ട ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, വിവരങ്ങൾ ലഭിക്കുന്ന പൊതുജനങ്ങൾ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് കാൽഗറി പോലീസ് അഭ്യർത്ഥിച്ചു. ഏകദേശം 20-25 വയസ്സ് പ്രായം തോന്നിക്കുന്ന, തവിട്ടുനിറമുള്ള മുടിയും മീശയുമുള്ള പ്രതി, സംഭവസമയത്ത് മെറൂൺ നിറത്തിലുള്ള ചാമ്പ്യൻ ഹൂഡിയും കറുത്ത പാൻ്റ്സുമാണ് ധരിച്ചിരുന്നത്. ഇത്തരം ഓൺലൈൻ ഇടപാടുകളിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കാൽഗറി പോലീസ് മുന്നറിയിപ്പ് നൽകി. സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി കാൽഗറി പോലീസ് സ്റ്റേഷനുകളിൽ പ്രത്യേകമായി തയ്യാറാക്കിയ  'ബൈ-ആൻഡ്-സെൽ' സോണുകൾ പോലുള്ള സ്ഥലങ്ങൾ മാത്രം കൂടിക്കാഴ്ചയ്ക്കായി തിരഞ്ഞെടുക്കണമെന്നും പൊലീസ് വ്യക്തമാക്കി.

വാങ്ങുന്നയാളുടെ പ്രൊഫൈലിലെ സുഹൃത്തുക്കളുടെ എണ്ണം, വ്യക്തിഗത വിവരങ്ങൾ കൃത്യമായി പരിശോധിച്ച് വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും പൊലീസ് നിർദ്ദേശിച്ചു. തട്ടിപ്പുകാർ പ്രധാനമായും പെട്ടെന്നുള്ള ക്യാഷ് ഇടപാടുകളെയാണ് ആശ്രയിക്കുന്നത് എന്നതിനാൽ, കറൻസിക്ക് പകരം ഇ-ട്രാൻസ്ഫർ പോലുള്ള സുരക്ഷിതമായ ഡിജിറ്റൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും, ഇടപാടിൽ എന്തെങ്കിലും തരത്തിലുള്ള സംശയം തോന്നിയാൽ വിൽപന നടപടികളുമായി മുന്നോട്ട് പോകരുതെന്നും പോലീസ് ഓർമ്മിപ്പിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-266-1234 എന്ന നമ്പറിലോ, ക്രൈം സ്റ്റോപ്പേഴ്സ്  വഴി രഹസ്യമായോ അറിയിക്കേണ്ടതാണെന്ന് പൊലീസ് അഭ്യർത്ഥിച്ചു