പുതിയ ആരോഗ്യ നയത്തിൻ്റെ പ്രാരംഭ നടപടികൾ സെപ്റ്റംബർ മുതൽ തുടങ്ങുമെന്ന് ആൽബർട്ട സർക്കാർ

By: 600110 On: Jun 19, 2026, 11:45 AM

യോഗ്യരായ ഡോക്ടർമാർക്ക് പൊതു-സ്വകാര്യ ആരോഗ്യ മേഖലകളിൽ ഒരേസമയം പ്രവർത്തിക്കാൻ അനുമതി നൽകുന്നപുതിയ ആരോഗ്യനയവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ സെപ്റ്റംബർ മുതൽ തുടങ്ങുമെന്ന് ആൽബർട്ട സർക്കാർ പ്രഖ്യാപിച്ചു. ഇതിനായുള്ള താല്പര്യപത്രം ജൂൺ 22 മുതൽ സമർപ്പിക്കാം. ഈ വേനൽക്കാലത്തിൻ്റെ അവസാനത്തോടെ ഔദ്യോഗിക അപേക്ഷ നടപടികൾ തുടങ്ങുമെന്നും പ്രവിശ്യാ ഭരണകൂടം അറിയിച്ചു.

പൊതുമേഖലയിൽ  ഒരു നിശ്ചിത മണിക്കൂർ നിർബന്ധമായും ജോലി ചെയ്താൽ മാത്രമെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കാൻ അനുമതി ലഭിക്കൂ. പൊതുജനാരോഗ്യ സംവിധാനത്തെ സംരക്ഷിക്കുന്നതിനാണ് ഇത്തരം കടുപ്പമേറിയ നിബന്ധനകളും സുരക്ഷാ മാനദണ്ഡങ്ങളും ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. ചികിത്സയ്ക്ക് വേണ്ടിയുള്ള ദീർഘമായ  കാത്തിരിപ്പ് സമയം കുറയ്ക്കാൻ പുതിയ മാതൃക സഹായിക്കുമെന്ന് മന്ത്രി അഡ്രിയാന ലാഗ്രാഞ്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ പണക്കാരനും പാവപ്പെട്ടവനും രണ്ട് തരം ചികിത്സ ലഭ്യമാക്കുന്ന രീതിയാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഓരോ വിഭാഗത്തിലെയും ഡോക്ടർമാർ എത്ര മണിക്കൂർ പൊതുമേഖലയിൽ ജോലി ചെയ്യണം എന്ന കൃത്യമായ വിവരം സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫാമിലി ഡോക്ടേഴ്സിനെ ഈ ഇരട്ട പ്രവർത്തന മാതൃകയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അനസ്തേഷ്യയിലോ സർജറിയിലോ പ്രത്യേക വൈദഗ്ധ്യമുള്ള കുടുംബ ഡോക്ടർമാർക്ക് ഇതിൽ ഇളവ് ലഭിക്കും. ഈ പദ്ധതിക്ക് കീഴിൽ വരുന്ന ഡോക്ടർമാർ സ്വകാര്യ മേഖലയിലെ ചികിത്സാ വിവരങ്ങൾ പ്രത്യേകമായി സൂക്ഷിക്കുകയും അത് സർക്കാരിന് നിർബന്ധമായും റിപ്പോർട്ട് ചെയ്യുകയും വേണം.