പി പി ചെറിയാന്‍
മാര്‍പ്പാപ്പയുടെ പ്രത്യേക അനുമതിയില്ലാതെ ജൂലൈ 1-ന് നാല് പുതിയ ബിഷപ്പുമാരെ വാഴിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്ന സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍ത് (SSPX) ഗ്രൂപ്പിന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ അന്തിമ മുന്നറിയിപ്പ്. ഈ നീക്കം കത്തോലിക്കാ സഭയിലെ ഭിന്നത രൂക്ഷമാക്കുമെന്നും, ഇതില്‍ പങ്കാളികളാകുന്നവര്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെടാന്‍ കാരണമാകുമെന്നും വത്തിക്കാന്‍ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, പരമ്പരാഗത കത്തോലിക്കാ വിശ്വാസം സംരക്ഷിക്കാനായി തങ്ങള്‍ ഈ തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് എസ്.എസ്.പി.എക്‌സ് ഗ്രൂപ്പിന്റെ നിലപാട്.
കാസ്റ്റല്‍ ഗാന്ദോള്‍ഫോയില്‍ വെച്ച് സംസാരിക്കവെയാണ് മാര്‍പ്പാപ്പ ഈ കടുത്ത മുന്നറിയിപ്പ് നല്‍കിയത്. സഭയിലെ ഐക്യം തകര്‍ക്കരുതെന്നും വത്തിക്കാന്റെ അനുമതിയില്ലാതെ ബിഷപ്പ് പദവി നല്‍കുന്നത് കാനോന്‍ നിയമപ്രകാരം സഭയില്‍ നിന്നുള്ള പുറത്താക്കലിന് കാരണമാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പരമ്പരാഗത ലാറ്റിന്‍ കുര്‍ബാന മാത്രം പിന്തുടരുന്ന ഈ തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ കൂട്ടായ്മ, തങ്ങളുടെ തത്ത്വങ്ങള്‍ ഉപേക്ഷിക്കുന്നതിനേക്കാള്‍ ഭേദം മരണമാണെന്ന് പ്രഖ്യാപിച്ചു. മൈക്കല്‍ ഗോള്‍ഡേഡ്, പാസ്‌കല്‍ ഷ്രൈബര്‍, മിഷേല്‍ പോയിന്‍സിനെറ്റ് ഡി സിവ്രി, മാര്‍ക്ക് ഹനാപ്പിയര്‍ എന്നീ നാല് വൈദികരെയാണ് ഇവര്‍ ജൂലൈ 1-ന് ബിഷപ്പുമാരായി വാഴിക്കുന്നത്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കൊണ്ടുവന്ന ആധുനിക പരിഷ്‌കാരങ്ങളെ (മതസ്വാതന്ത്ര്യം, ഇതര മതങ്ങളുമായുള്ള ബന്ധം തുടങ്ങിയവ) എസ്.എസ്.പി.എക്‌സ് പൂര്‍ണ്ണമായും തള്ളിക്കളയുന്നു. അടുത്തിടെ വത്തിക്കാന്‍ ഒരേ ലിംഗത്തിലുള്ള ദമ്പതികള്‍ക്ക് ആശീര്‍വാദം നല്‍കാന്‍ അനുമതി നല്‍കിയതിനെയും ഇവര്‍ കടുത്ത തെറ്റായി ചൂണ്ടിക്കാണിക്കുന്നു.
സമാനമായ രീതിയില്‍ 1988-ല്‍ വത്തിക്കാന്റെ അനുമതിയില്ലാതെ ബിഷപ്പുമാരെ വാഴിച്ചതിനെ തുടര്‍ന്ന് ഈ ഗ്രൂപ്പിന്റെ സ്ഥാപകനായ ആര്‍ച്ച് ബിഷപ്പ് മാര്‍സെല്‍ ലെഫെബ്രെയെയും മറ്റ് ബിഷപ്പുമാരെയും വത്തിക്കാന്‍ സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് 2009-ല്‍ ഈ ശിക്ഷാ നടപടികള്‍ പിന്‍വലിച്ചെങ്കിലും, ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നത ഇപ്പോഴും തുടരുകയാണ്.