പ്രശസ്ത താരം ഡാവേയ് ചിസ്  ചൊവ്വാഴ്ച അന്തരിച്ചു, വീണ്ടും ചർച്ചയായി മെനിഞ്ചൈറ്റിസ് രോഗം

By: 600110 On: Jun 19, 2026, 11:02 AM

പ്രശസ്ത താരം ഡാവേയ് ചിസ്  അന്തരിച്ചു. 35 വയസ്സായിരുന്നു.  മെനിഞ്ചൈറ്റിസും രക്തത്തിലെ അണുബാധയും മൂലം ലോസ് ആഞ്ചലസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദി റിംഗ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഡാവേയ് ചിസ് ആയിരുന്നു ഡിസ്നിയുടെ 'ലിലോ ആൻഡ് സ്റ്റിച്ച്'  എന്ന ആനിമേഷൻ ചിത്രത്തിൽ ലിലോയ്ക്ക് ശബ്ദം നൽകിയത്.

ഡാവേയ് ചിസിൻ്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ 'മെനിഞ്ചൈറ്റിസ്' അഥവാ മസ്തിഷ്ക ജ്വരം വീണ്ടും വാർത്തകളിൽ നിറയുകയാണ്. മനുഷ്യൻ്റെ തലച്ചോറിനെയും സുഷുമ്നാ നാഡിയെയും പൊതിഞ്ഞു സംരക്ഷിക്കുന്ന പാളികളിലുണ്ടാകുന്ന വീക്കത്തെയാണ്  മെനിഞ്ചൈറ്റിസ് എന്ന് വിളിക്കുന്നത്. വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസുകൾ എന്നിവ മൂലമോ അല്ലെങ്കിൽ മറ്റ് പരിക്കുകൾ, ക്യാൻസർ, ചിലതരം മരുന്നുകൾ എന്നിവ കാരണമായോ ഈ രോഗബാധ ഉണ്ടാകാം. രോഗം ബാധിച്ചാൽ രോഗിക്ക് എത്രയും പെട്ടെന്ന് അടിയന്തര വിദഗ്ദ്ധ ചികിൽസ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം.

പെട്ടെന്നുണ്ടാകുന്ന കടുത്ത പനി,  അസഹനീയമായ തലവേദന, കഴുത്ത് തിരിക്കാൻ പറ്റാത്ത വിധത്തിലുള്ള കഠിനമായ വേദന, ഛർദ്ദി, പെട്ടെന്നുണ്ടാകുന്ന തളർച്ച, ഓർമ്മക്കുറവ് എന്നിവയാണ് ലക്ഷണങ്ങൾ. കൃത്യമായ സമയത്തുള്ള വാക്സിനേഷൻ  മാത്രമാണ്  മെനിഞ്ചൈറ്റിസിനെ തടയാനുള്ള ഒരേയൊരു മാർഗ്ഗം. മെനിഞ്ചൈറ്റിസിന് കാരണമാകുന്ന വിവിധതരം ബാക്ടീരിയകളെ പ്രതിരോധിക്കാൻ നിലവിൽ ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്. സാധാരണയായി ചെറിയ കുട്ടികൾക്കും കൗമാരപ്രായക്കാർക്കും ഉയർന്ന രോഗസാധ്യതയുള്ളവർക്കുമാണ് ഈ വാക്സിനുകൾ നിർദ്ദേശിക്കാറുള്ളത്.