ഫിഫ ലോകകപ്പിൽ ആദ്യ വിജയവുമായി കാനഡ. ഖത്തറിനെ എതിരില്ലാത്ത ആറ് ഗോളിനാണ് കാനഡ തകർത്തത്. എന്നാൽ മത്സരത്തിനിടെ ഖത്തർ താരങ്ങളുടെ ഫൌളിനെ തുടർന്ന് 24-കാരനായ ഇസ്മായേൽ കോനെയ്ക്ക് പരിക്കേറ്റത് കനേഡിയൻ ക്യാമ്പിൽ ആശങ്ക പടർത്തിയിട്ടുണ്ട്.
മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയാണ് കാനഡ ലോകകപ്പിനെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ കാനഡയ്ക്കായി ജൊനാഥൻ ഡേവിഡ് ഹാട്രിക് നേടി. പതിനാറാം മിനിറ്റിൽ വെറ്ററൻ താരം കൈൽ ലാരിൻ ആയിരുന്നു കാനഡയുടെ ഗോൾ വേട്ടയ്ക് തുടക്കമിട്ടത്. തുടർന്ന് ജൊനാഥൻ ഡേവിഡ് നേടിയ രണ്ട് ഗോളിൻ്റെ മികവിൽ ഇടവേളയ്ക്ക് പിരിയുമ്പോൾ 3-0ന് മുന്നിലായിരുന്നു കാനഡ.
മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെയായിരുന്നു ഇസ്മായിൽ കോനെ ഫൌളിനിരയായത്. ഖത്തർ മിഡ്ഫീൽഡർ അസിം മദിബോ പുറകിൽ നിന്ന് ക്രൂരമായി ടാക്കിൾ ചെയ്തതാണ് കോനെയ്ക്ക് വിനയായത്. ടാക്കിളിൽ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടൻ തന്നെ സ്ട്രെച്ചറിൽ മൈതാനത്തിന് പുറത്തേക്ക് മാറ്റി. കോനെയെ പരിക്കേൽപ്പിച്ച അസിം മദിബോയ്ക്ക് റഫറി ചുവപ്പ് കാർഡ് നൽകി. ആദ്യപകുതിയിൽ ഹൊമാം അഹമ്മദും ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പിന്നീട് ഒൻപത് കളിക്കാരുമായാണ് ഖത്തർ മത്സരം പൂർത്തിയാക്കിയത്.
കോനെ പുറത്തായതിന് പിന്നാലെ പകരക്കാരനായി ഇറങ്ങിയ നഥാൻ സാലിബയാണ് കാനഡയുടെ നാലാം ഗോൾ സ്കോർ ചെയ്തത്. മൊഹമ്മദ് മനായിയുടെ സെൽഫ് ഗോളിലൂടെ 75ആം മിനിറ്റിൽ കാനഡ 5-0ന് മുന്നിലെത്തി. മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിലായിരുന്നു ജൊനാഥൻ ഡേവിഡിൻ്റെ ഹാട്രിക് ഗോൾ പിറന്നത്. വിജയത്തോടെ നാല് പോയിൻ്റുമായി കാനഡ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. സ്വിറ്റ്സർലൻ്റാണ് അടുത്ത മത്സരത്തിൽ കാനഡയുടെ എതിരാളി. എന്നാൽ വരും മത്സരങ്ങളിൽ ഇസ്മായിൽ കോനെയുടെ അഭാവം കാനഡയ്ക്ക് തിരിച്ചടിയാകും. ഇടതു കാലിന് ഒടിവ് സംഭവിച്ച കോനെയെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്..