ഇന്ത്യക്കാര്‍ക്കുള്ള ഇബി-1 ഗ്രീന്‍ കാര്‍ഡ് മുന്‍ഗണനാ തീയതി യു.എസ് പിന്നോട്ട് തിരിച്ചു; കാത്തിരിപ്പ് നീളും

By: 600002 On: Jun 19, 2026, 10:14 AM

 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അപേക്ഷകര്‍ക്കുള്ള ഇബി-1 (Employment-Based First Preference) ഗ്രീന്‍ കാര്‍ഡിന്റെ മുന്‍ഗണനാ തീയതി യു.എസ് വിദേശകാര്യ വകുപ്പ് പുറത്തുവിട്ട 2026 ജൂലൈയിലെ വിസ ബുള്ളറ്റിനില്‍ ഗണ്യമായി പുറകോട്ടു പോയി. ഈ വിഭാഗത്തില്‍ അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ദ്ധനവാണ് ഇതിന് കാരണം.

ജൂലൈ വിസ ബുള്ളറ്റിന്‍ പ്രകാരം ഇന്ത്യക്കാര്‍ക്കുള്ള ഇബി-1 വിഭാഗത്തിന്റെ അന്തിമ തീയതി (Final Action Date) 2022 ഒക്ടോബര്‍ 15 ലേക്ക് പിന്നോട്ട് പോയി. 2026 സാമ്പത്തിക വര്‍ഷത്തെ വിസ വിതരണം വാര്‍ഷിക പരിധിക്കുള്ളില്‍ നിര്‍ത്താനാണ് ഈ നടപടിയെന്ന് യു.എസ് അറിയിച്ചു.

വരുന്ന സെപ്റ്റംബര്‍ 30-ഓടെ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ഇന്ത്യക്കുള്ള വിസ വിഹിതം തീരുകയാണെങ്കില്‍, തീയതി ഇനിയും പിന്നോട്ട് പോകാനോ അല്ലെങ്കില്‍ താല്‍ക്കാലികമായി ഈ വിഭാഗം അപ്രാപ്യമാക്കാനോ (Unavailable) സാധ്യതയുണ്ടെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബഹുരാഷ്ട്ര കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥര്‍, മാനേജര്‍മാര്‍, അസാധാരണ കഴിവുള്ള വ്യക്തികള്‍, മികച്ച പ്രൊഫസര്‍മാര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് യു.എസില്‍ സ്ഥിരതാമസത്തിന് (Green Card) വേണ്ടിയാണ് പ്രധാനമായും ഇബി-1 കാറ്റഗറി ഉപയോഗിക്കുന്നത്.

പുതിയ വിസ ബുള്ളറ്റിന്‍ പ്രകാരം ഇന്ത്യക്കാര്‍ക്കുള്ള ഇബി-2 (EB2), ഇബി-5 (EB-5 Unreserved) വിഭാഗങ്ങള്‍ 2026 സാമ്പത്തിക വര്‍ഷത്തെ ബാക്കി മാസങ്ങളില്‍ ലഭ്യമാകില്ല. ഇവയുടെ വാര്‍ഷിക പരിധി ഇതിനകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു.

ഈ പുതിയ മാറ്റം യു.എസില്‍ സ്ഥിരതാമസം ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളുടെ ഗ്രീന്‍ കാര്‍ഡ് കാത്തിരിപ്പ് കാലാവധി വീണ്ടും ദീര്‍ഘിപ്പിക്കും.