കാനഡയെ ഞെട്ടിച്ച് ക്വട്ടേഷൻ സംഘങ്ങൾ. ഓരോ വെടിവെയ്പ്പിനും 1,000 ഡോളർ വാഗ്ദാനം ചെയ്ത് കൗമാരക്കാരെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോർട്ട്

By: 600110 On: Jun 18, 2026, 1:37 PM

 

ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ അടുത്തിടെയുണ്ടായ ഒട്ടനവധി വെടിവെയ്പ്പ് സംഭവങ്ങൾക്ക് പിന്നിൽ കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വൻ ക്വട്ടേഷൻ  ശൃംഖലയെന്ന് ടൊറൻ്റോ പോലീസിൻ്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ മാർച്ചിൽ യു.എസ് കോൺസുലേറ്റിന് നേരെയും വിവിധ ജൂത വിദ്യാലയങ്ങൾക്ക് നേരെയും നടന്ന അക്രമങ്ങൾ ഉൾപ്പെടെ ഇരുപതിലധികം വെടിവെയ്പ്പുകൾ ഈ സംഘമാണ് ആസൂത്രണം ചെയ്തതെന്ന് ടൊറന്റോ പോലീസ് ചീഫ് മൈറോൺ ഡെംകിവ് പറഞ്ഞു.

സിഗ്നൽ, ടെലിഗ്രാം, വാട്സാപ്പ് തുടങ്ങിയ ഇൻക്രിപ്റ്റഡ് മെസ്സേജിങ് ആപ്പുകൾ വഴിയാണ് ക്രിമിനൽ സംഘങ്ങൾ യുവാക്കളെ ആകർഷിക്കുന്നത്. ഓരോ വെടിവെയ്പ്പിനും 1,000 കനേഡിയൻ ഡോളർ വീതമാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. പണം ലഭിക്കുന്നതിനായി അക്രമ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സംഘത്തലവന്മാർക്ക് അയച്ചുനൽകണമെന്ന കർശന വ്യവസ്ഥയും ഇവർ വെച്ചിരുന്നു. 

ഗൂഢസംഘങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളുണ്ടോ എന്ന്  കണ്ടെത്താൻ കനേഡിയൻ പോലീസും യു.എസ്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും സംയുക്ത അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ പോലീസ് നടത്തിയ വ്യാപക റെയ്ഡുകളിൽ രണ്ട് അത്യാധുനിക തോക്കുകൾ പിടിച്ചെടുത്തിരുന്നു. ശാസ്ത്രീയ പരിശോധനയിൽ, ഈ രണ്ട് ആയുധങ്ങൾ മാത്രം നഗരത്തിലെ 27 വ്യത്യസ്ത വെടിവെയ്പ്പുകൾക്കായി ഒന്നിടവിട്ട് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘവുമായി അടുത്ത ബന്ധമുള്ള ഒളിവിലായിരുന്ന സാരാ ജാബി എന്ന പത്തൊമ്പതുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സമൂഹത്തിൽ വലിയ തോതിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാൻ ആസൂത്രതമായി നടപ്പിലാക്കുന്ന ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് പിന്നിലെ യഥാർത്ഥ സാമ്പത്തിക സ്രോതസ്സുകളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സുരക്ഷാ ഏജൻസികൾ.