വരൾച്ചയും കടുത്ത ചൂടും കനത്ത വെല്ലുവിളിയാകുന്നു: ബ്രിട്ടീഷ് കൊളംബിയയിൽ കർശന നിയന്ത്രണങ്ങളോടെ  ജാഗ്രത

By: 600110 On: Jun 18, 2026, 1:29 PM

 

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ വരും മാസങ്ങളിൽ കടുത്ത വരൾച്ചയിലേക്കും റെക്കോർഡ് ചൂടിലേക്കും നീങ്ങുന്നതായി ഔദ്യോഗിക റിപ്പോർട്ടുകൾ. ശൈത്യകാലത്ത് പെയ്ത മഞ്ഞിൻ്റെ അളവ് സാധാരണയേക്കാൾ വളരെ കുറവായിരുന്നതും ദീർഘകാലമായി തുടരുന്ന മഴക്കുറവുമാണ് പ്രവിശ്യയെ ദാരുണമായ ജലക്ഷാമത്തിലേക്ക് നയിച്ചിരിക്കുന്നത്. ബിസി വൈൽഡ്‌ഫയർ സർവീസ് പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, പ്രവിശ്യയുടെ 25 ശതമാനത്തിലധികം പ്രദേശങ്ങളും നിലവിൽ അതീവ ഗുരുതരമായ വരൾച്ചാ ഭീഷണിയിലാണ്.

നദികളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നുകൊണ്ടിരിക്കുന്നത് വന്യജീവി സമ്പത്തിനും കൃഷിക്കും വൻ ഭീഷണിയാണെന്ന് പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നദികളിലെ ഒഴുക്ക് കുറയുന്നത് വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിനും കാർഷിക വിളകൾ നശിക്കുന്നതിനും കാരണമാകുമെന്നും, വരും ദിവസങ്ങളിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള ജലവിതരണം വരെ നിർത്തിവെയ്ക്കേണ്ടി വരുമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം ബിസിയുടെ സ്വാഭാവിക അന്തരീക്ഷത്തെ പൂർണ്ണമായി മാറ്റിമറിച്ചതായി  മന്ത്രി രവി പാർമർ അറിയിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ചൂട് ഇനിയും വർദ്ധിക്കുന്നത് കാട്ടുതീ പടരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്നതിനാൽ ദുരന്തനിവാരണ സേനകൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധി നേരിടുന്നതിനായി മെട്രോ വാൻകൂവർ ഉൾപ്പെടെയുള്ള മേഖലകളിൽ നിലവിൽ 'സ്റ്റേജ് 3' ജല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.

ഇതനുസരിച്ച് പുൽത്തകിടികൾ നനയ്ക്കുന്നതിനും വ്യക്തിഗത ആവശ്യങ്ങൾക്കായി അനാവശ്യമായി വെള്ളം ഉപയോഗിക്കുന്നതിനും കർശന നിരോധനമുണ്ട്. നഗരസഭകളുടെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് വൻ തുക പിഴ ഈടാക്കാനാണ് തീരുമാനം. വെള്ളത്തിൻ്റെ അനാവശ്യമായ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണമെന്നും, അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ജനങ്ങൾ മുൻകൂട്ടി തയ്യാറെടുക്കണമെന്നും ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.