എഡ്മൻ്റണിലെ ഇസ്ലാമിക് ഡേകെയറിന് നേരെ വിദ്വേഷ പരാമർശം: പോലീസ് അന്വേഷണം ആരംഭിച്ചു

By: 600110 On: Jun 18, 2026, 1:05 PM

 

 കാനഡയിലെ നോർത്ത് എഡ്മൻ്റണിലുള്ള  ഇസ്ലാമിക് ഡേകെയർ സെൻ്ററിന് സമീപം ഇസ്ലാം വിരുദ്ധ വിദ്വേഷ വാചകങ്ങൾ എഴുതിവെച്ച സംഭവത്തിൽ എഡ്മൻ്റൺ പോലീസ് സർവീസിൻ്റെ ഹേറ്റ് ക്രൈംസ് വിഭാഗം അന്വേഷണം ആരംഭിച്ചു. കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൻ്റെ ജനലുകൾക്ക് അഭിമുഖമായി, ഏതാനും മീറ്ററുകൾ മാത്രം അകലെയുള്ള മതിലിലാണ് ചുവന്ന അക്ഷരങ്ങളിൽ വിദ്വേഷ പരാമർശങ്ങൾ പ്രത്യക്ഷപ്പെട്ടത്.

ഈ സംഭവം തങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നും ജീവനക്കാർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇത് വലിയ തോതിൽ ആശങ്കയും സുരക്ഷിതത്വമില്ലായ്മയും ഉണ്ടാക്കിയിട്ടുണ്ടെന്നും ഡേകെയർ പ്രിൻസിപ്പൽ എബ്രഹാം അബുഗൗഷെ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഡേകെയർ അധികൃതർ പരാതി നൽകുകയും തുടർന്ന് മതിൽ പെയിൻ്റടിച്ച് ഈ വിദ്വേഷ വാചകങ്ങൾ മായ്ച്ചു കളയുകയും ചെയ്തു.  കനേഡിയൻ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ഇസ്ലാംഭീതിയുടെ  ഭാഗമായാണ് ഈ അക്രമമെന്ന് കനേഡിയൻ മുസ്ലിം കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടിക്കാണിച്ചു. എഡ്മൻ്റൺ മേയർ ആൻഡ്രൂ നാക്ക് ഉൾപ്പെടെയുള്ളവർ ഈ സംഭവത്തെ ശക്തമായി അപലപിച്ചു.

കുട്ടികൾ പഠിക്കുന്ന ഒരിടത്ത് ഇത്തരം വിദ്വേഷ സന്ദേശങ്ങൾ നൽകി ഭയപ്പെടുത്താൻ ശ്രമിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ലെന്നും എഡ്മൻ്റൺ എല്ലാവർക്കും സുരക്ഷിതമായ നഗരമായിരിക്കുമെന്നും മേയർ പറഞ്ഞു. സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുന്ന ഒരു പ്രദേശത്ത് ഇത്തരമൊരു സംഭവം ഉണ്ടായത് കാനഡയുടെ സംസ്കാരത്തിന് നിരക്കാത്തതാണെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി മാർക്ക് മില്ലറും ആവശ്യപ്പെട്ടു.