കാലാവസ്ഥാ വ്യതിയാനം  തിരിച്ചടിയാകുന്നു: ആൽബർട്ടയിൽ ഭവന ഇൻഷുറൻസ് നിരക്കുകളിൽ വൻ വർദ്ധനവ്

By: 600110 On: Jun 18, 2026, 12:48 PM

 

കാനഡയിലെ ആൽബെർട്ട പ്രവിശ്യയിൽ ഭവന ഇൻഷുറൻസ് പ്രീമിയം തുകയിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ  റിപ്പോർട്ട്. ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളും തുടർച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുമാണ് പ്രവിശ്യയിലെ ഇൻഷുറൻസ് മേഖലയെ ഇത്രമേൽ വിലക്കയറ്റത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.  കണക്കുകൾ പ്രകാരം 2020 ഡിസംബർ മുതൽ 2025 ഡിസംബർ വരെയുള്ള അഞ്ച് വർഷ കാലയളവിനുള്ളിൽ മാത്രം അൽബെർട്ടയിലെ ഭവന ഇൻഷുറൻസ് പ്രീമിയം നിരക്കുകളിൽ 55.8 ശതമാനത്തിൻ്റെ വർദ്ധനവാണുണ്ടായത്. ഇത് കാനഡയുടെ ദേശീയ ശരാശരിയായ 38.6 ശതമാനത്തേക്കാൾ വളരെ ഉയർന്ന നിരക്കാണ്.

ദീർഘകാലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, 2005-ന് ശേഷം പ്രവിശ്യയിലെ ഇൻഷുറൻസ് നിരക്കുകൾ 391.6 ശതമാനത്തോളമാണ് വർദ്ധിച്ചിരിക്കുന്നത്. പ്രവിശ്യയിൽ സമീപകാലത്തുണ്ടായ അതിരൂക്ഷമായ കാട്ടുതീയും ശക്തമായ ആലിപ്പഴ വർഷവുമാണ് ഇൻഷുറൻസ് കമ്പനികളെ പ്രീമിയം തുക കുത്തനെ കൂട്ടാൻ നിർബന്ധിതരാക്കിയത്. മുൻ വർഷങ്ങളിൽ കാൽഗറിയിലുണ്ടായ ശക്തമായ ആലിപ്പഴ വർഷം 3 ബില്യൺ ഡോളറിൻ്റെയും, ജാസ്പർ കാട്ടുതീ 1.1 ബില്യൺ ഡോളറിൻ്റെയും ഇൻഷുറൻസ് നഷ്ടമാണ് കമ്പനികൾക്ക് വരുത്തിവെച്ചത്.

ഇത്തരം വൻ സാമ്പത്തിക ബാധ്യതകൾ മറികടക്കുന്നതിനായി ഇൻഷുറൻസ് കമ്പനികൾ  ഈ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുകയായിരുന്നു. വരും വർഷങ്ങളിലും മോശം കാലാവസ്ഥാ വ്യതിയാനങ്ങൾ കനേഡിയൻ ജനതയുടെ സാമ്പത്തിക ഭദ്രതയ്ക്കും രാജ്യത്തെ ഭവന ഇൻഷുറൻസ് വിപണിയ്ക്കും നിരന്തരം വെല്ലുവിളി ഉയർത്തുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.