പി പി ചെറിയാന്‍
തൃശ്ശൂര്‍: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സി.എ. കൃഷ്ണന്‍ രചിച്ച ഏറ്റവും പുതിയ പുസ്തകമായ 'വൃത്താന്തവൃത്തം' പ്രകാശനം ചെയ്തു. തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ. സേതുമാധവന് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഗ്രീന്‍ ബുക്‌സ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്.
മധ്യകേരളത്തിലെ മലയാള പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രവഴികളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കൃതി. ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായ നിരവധി പത്രങ്ങളെയും, അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വിസ്മയക്കാരായ പത്രാധിപന്മാരെയും പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നു. സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബിനുള്ള സമര്‍പ്പണമായാണ് രചയിതാവ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നത്.
'പത്രപ്രവര്‍ത്തന രംഗത്ത് മാത്രമല്ല, സാഹിത്യത്തിലും തനതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് സി.എ. കൃഷ്ണന്‍,' എന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു അദ്ധ്യക്ഷനായി. രാജന്‍ പല്ലന്‍ എം.എല്‍.എ, ഡെപ്യുട്ടി മേയര്‍ എ. പ്രസാദ്, എന്‍.ശ്രീകുമാര്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി രഞ്ജിത് ബാലന്‍ , ടി.എസ്.നീലാംബരന്‍ എന്നിവര്‍ സംസാരിച്ചു. സി.എ. കൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി.
തങ്ങളുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ മാധ്യമ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഇത്തരമൊരു പുസ്തകം ഉപഹാരമായി നല്‍കിയതിന് പ്രസ് ക്ലബ് ഭാരവാഹികളും തൃശ്ശൂരിലെ മാധ്യമ സുഹൃത്തുക്കളും രചയിതാവിനോട് നന്ദി അറിയിച്ചു. ചടങ്ങില്‍ നിരവധി പ്രമുഖ മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക നായകരും പങ്കെടുത്തു.