അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അനധികൃത കുടിയേറ്റക്കാരന് ജാമ്യം: വിര്‍ജീനിയ ഗവര്‍ണക്കെതിരെ യു.എസ് ആഭ്യന്തര വകുപ്പ്

By: 600002 On: Jun 18, 2026, 11:03 AM


 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അനധികൃത കുടിയേറ്റക്കാരന് കുറഞ്ഞ തുകയ്ക്ക് ജാമ്യം അനുവദിച്ചതിനെച്ചൊല്ലി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പും വിര്‍ജീനിയ ഗവര്‍ണറും തമ്മില്‍ കടുത്ത ഭിന്നത.

വുഡ്ബ്രിഡ്ജ് സ്വദേശിയായ ഹൊസെ നഹൂന്‍ അലിമാന്‍ ഹെര്‍ണാണ്ടസ് (43) എന്നയാളെയാണ് കഴിഞ്ഞ ജൂണ്‍ 3-ന് പ്രിന്‍സ് വില്യം പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ബേബിസിറ്ററുടെ വീട്ടില്‍ വെച്ച് 2023 ജനുവരി മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
പ്രതിക്ക് വെറും 5,000 ഡോളര്‍ ജാമ്യത്തുകയില്‍ കോടതി ജാമ്യം അനുവദിച്ചു.

പ്രതിക്ക് ജാമ്യം ലഭിച്ചതോടെ ഇയാള്‍ സമൂഹത്തിലേക്ക് തിരികെ ഇറങ്ങാതിരിക്കാന്‍ വിര്‍ജീനിയ ഗവര്‍ണര്‍ അബിഗയില്‍ സ്പാന്‍ബെര്‍ഗര്‍ അടിയന്തരമായി ഇടപെടണമെന്ന് DHS ആവശ്യപ്പെട്ടു. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാത്ത വിര്‍ജീനിയയുടെ 'സാങ്ച്വറി'  നയം സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുകയാണെന്നും, ഗവര്‍ണറുടെ നിലപാടുകള്‍ കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാര്‍ക്ക് തണലാകുന്നുവെന്നും ഉഒട സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി വിമര്‍ശിച്ചു.

എന്നാല്‍ ഈ വിഷയത്തില്‍ ഗവര്‍ണര്‍ അബിഗയില്‍ സ്പാന്‍ബെര്‍ഗറോ അവരുടെ ഓഫീസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.