ടെക്‌സസ് ടാറന്റ് കൗണ്ടി ജയിലില്‍ തടവുകാരന്‍ മരിച്ചു; ഈ വര്‍ഷത്തെ രണ്ടാമത്തെ മരണം

By: 600002 On: Jun 18, 2026, 10:59 AM

 

 

പി പി ചെറിയാന്‍

ഫോര്‍ട്ട് വര്‍ത്ത് (ടെക്‌സസ്): ടാറന്റ് കൗണ്ടി ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന 40-കാരന്‍ മരിച്ചു. ജെയിംസ് ജോണ്‍സണ്‍ എന്നയാളാണ് മരിച്ചതെന്ന് മെഡിക്കല്‍ എക്‌സാമിനര്‍ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഈ ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കസ്റ്റഡി മരണമാണിത്.

ബോണ്ട് ലംഘനം, പ്രൊട്ടക്റ്റീവ് ഓര്‍ഡര്‍ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് റിവര്‍ ഓക്‌സ് പോലീസ് അറസ്റ്റ് ചെയ്ത ജോണ്‍സണെ കഴിഞ്ഞ ഞായറാഴ്ചയാണ് ജയിലിലടച്ചത്. തിങ്കളാഴ്ച സെല്ലില്‍ വെച്ച് ഇയാള്‍ക്ക് പെട്ടെന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നത് കൂടെയുണ്ടായിരുന്ന തടവുകാരനാണ് കണ്ടത്. ഉടന്‍ തന്നെ ജോണ്‍ പീറ്റര്‍ സ്മിത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ജയിലില്‍ പ്രവേശിപ്പിക്കുമ്പോള്‍ തടവുകാര്‍ക്ക് നിര്‍ബന്ധമായുള്ള വൈദ്യപരിശോധനയുമായി സഹകരിക്കാന്‍ ജോണ്‍സണ്‍ തയ്യാറായിരുന്നില്ലെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. ഒരാളെയും അവരുടെ സമ്മതമില്ലാതെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ ജയില്‍ ജീവനക്കാര്‍ക്ക് നിയമപരമായി കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ജോണ്‍സന്റെ മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അധികൃതര്‍. കഴിഞ്ഞ ഏപ്രില്‍ 19-ന് ജോണ്‍ ബാര് (36) എന്ന മറ്റൊരു തടവുകാരനും ഇതേ ജയില്‍ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയും പിന്നീട് ആശുപത്രിയില്‍ മരിക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന മരണങ്ങള്‍ ജയില്‍ സുരക്ഷയെയും തടവുകാരുടെ പരിചരണത്തെയും കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.