ക്യാന്‍സര്‍ സാധ്യത: യു എസില്‍ ലക്ഷക്കണക്കിന് വിഷാദരോഗ മരുന്നുകള്‍ തിരിച്ചുവിളിക്കുന്നു

By: 600002 On: Jun 18, 2026, 10:44 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വ്യാപകമായി ഉപയോഗിക്കുന്ന 'ഡ്യുലോക്‌സെറ്റിന്‍' (Duloxetine) എന്ന വിഷാദരോഗ മരുന്ന് വന്‍തോതില്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നു. മരുന്നില്‍ ക്യാന്‍സറിന് കാരണമായേക്കാവുന്ന 'എന്‍-നൈട്രോസോ-ഡ്യുലോക്‌സെറ്റിന്‍' (N-nitroso-duloxetine) എന്ന രാസവസ്തുവിന്റെ അളവ് അനുവദനീയമായതിലും കൂടുതലായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ 'തോവ' ഉത്പാദിപ്പിച്ച 3,70,000-ത്തോളം കുപ്പി മരുന്നുകളാണ് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍  തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടത്. 'സിംബാല്‍റ്റ' (Cymbalta) എന്ന ബ്രാന്‍ഡ് നാമത്തില്‍ അറിയപ്പെടുന്ന ഈ മരുന്ന് വിഷാദം, ഉത്കണ്ഠ, വിട്ടുമാറാത്ത ശരീരവേദന എന്നിവയ്ക്കാണ് സാധാരണയായി നല്‍കാറുള്ളത്.

തല്‍ക്കാലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടി. എന്നാല്‍, ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ രോഗികള്‍ ഈ മരുന്ന് കഴിക്കുന്നത് പെട്ടെന്ന് നിര്‍ത്തരുതെന്നും, പകരം സംവിധാനങ്ങള്‍ക്കായി ഫാര്‍മസിസ്റ്റിനെയോ ഡോക്ടറെയോ സമീപിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.