ജിജു കുളങ്ങര (ജനറല്‍ കണ്‍വീനര്‍, ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍, ഹൂസ്റ്റണ്‍)
ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (FOMAA) എന്ന മഹത്തായ പ്രസ്ഥാനത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്.
2008-ല്‍ ഹൂസ്റ്റണില്‍ ഫോമായുടെ പ്രവര്‍ത്തനങ്ങളുമായി അടുത്ത ബന്ധം ആരംഭിച്ച ഞാന്‍, ഫോമായുടെ വളര്‍ച്ചയും പുരോഗതിയും നേരിട്ട് കണ്ടറിയാനും അതിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനും അവസരം ലഭിച്ചു. ഈ കാലയളവില്‍ ഫോമായുടെ വിവിധ പ്രസിഡന്റുമാരോടും ദേശീയ നേതാക്കളോടും കമ്മിറ്റികളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും സംഘടനയുടെ നിരവധി പദ്ധതികളില്‍ പങ്കാളിയാകാനും സാധിച്ചു.
ഓരോ നേതൃത്വത്തിന്റെയും ദീര്‍ഘവീക്ഷണവും പ്രവര്‍ത്തനങ്ങളും ചേര്‍ന്നാണ് ഇന്ന് ഫോമാ ഉത്തര അമേരിക്കയിലെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള മലയാളി സംഘടനകളിലൊന്നായി വളര്‍ന്നത്.
ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്റായിരുന്ന 2018-2020 കാലഘട്ടത്തില്‍ ഫോമായുടെ ചാരിറ്റി ചെയര്‍മാനായി സേവനം അനുഷ്ഠിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. സമൂഹത്തോടുള്ള ഉത്തരവാദിത്വവും മനുഷ്യസ്‌നേഹവും പ്രവര്‍ത്തിയിലൂടെ പ്രകടിപ്പിക്കാനുള്ള ഒരു സുവര്‍ണ്ണാവസരമായിരുന്നു അത്.
2018-ലെ കേരള മഹാപ്രളയത്തിന് ശേഷം അമേരിക്കയില്‍ നിന്നുള്ള ഡോക്ടര്‍മാരെയും മെഡിക്കല്‍ വിദഗ്ധരെയും ഏകോപിപ്പിച്ച് കേരളത്തിലേക്ക് എത്തിക്കാനും നാല് ജില്ലകളിലായി 20-ലധികം മെഡിക്കല്‍ ക്യാമ്പുകളും 25-ലധികം ശസ്ത്രക്രിയകളും സംഘടിപ്പിക്കാനും കഴിഞ്ഞു. ദുരിതമനുഭവിച്ച ആയിരക്കണക്കിന് ആളുകള്‍ക്ക് ചികിത്സയും ആശ്വാസവും എത്തിക്കുന്നതില്‍ ഫോമായുടെ നേതൃത്വത്തില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ സാധിച്ചു.
അതോടൊപ്പം, പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി കടപ്രായില്‍ 'FOMAA Village' പദ്ധതിയിലൂടെ 40 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ കഴിഞ്ഞത് ഫോമായുടെ ചരിത്രത്തിലെ അഭിമാനകരമായ അധ്യായങ്ങളിലൊന്നാണ്. നിരവധി കുടുംബങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ പുതിയ വെളിച്ചം പകരാന്‍ ഈ പദ്ധതി സഹായകമായി.
വിദ്യാഭ്യാസ മേഖലയിലും ഫോമായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55-ലധികം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സഹായിക്കാനായി. ഇന്ന് അവര്‍ ആരോഗ്യരംഗത്ത് സേവനം അനുഷ്ഠിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു.
കേരളത്തിലും അമേരിക്കയിലും നടന്ന നിരവധി ഫോമാ കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഓരോ കണ്‍വെന്‍ഷനും മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സംസ്‌കാരത്തിന്റെയും സേവന മനോഭാവത്തിന്റെയും ആഘോഷമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളികള്‍ ഒരുമിച്ചുകൂടി സൗഹൃദവും സഹോദര്യവും പുതുക്കുന്ന അപൂര്‍വ വേദിയാണ് ഫോമാ.
ഈ വര്‍ഷം ഫോമായുടെ പ്രസിഡന്റ് ബേബി മണ്ണാക്കുന്നേലിന്റെ നേതൃത്വത്തില്‍ FOMAA International Convention 2026ന്റെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചത് എനിക്ക് വലിയ ബഹുമതിയും ഉത്തരവാദിത്വവുമാണ്. അദ്ദേഹത്തിന്റെയും ദേശീയ കമ്മിറ്റിയുടെയും എല്ലാ പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഒരു കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.
ഫോമാ ഒരു സംഘടന മാത്രമല്ല; അമേരിക്കയിലെയും കാനഡയിലെയും മലയാളികളെ ഒരേ കുടക്കീഴില്‍ ഒന്നിപ്പിക്കുന്ന ഒരു വലിയ കുടുംബമാണ്. യുവജനങ്ങള്‍ക്കും വനിതകള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും നേതൃത്വഗുണങ്ങള്‍ വികസിപ്പിക്കാനും അവസരങ്ങള്‍ ഒരുക്കുന്ന മികച്ച വേദിയാണ് ഫോമാ.
ഇന്ന് നമ്മളില്‍ പലരും ജോലി, ബിസിനസ്, കുടുംബജീവിതം തുടങ്ങിയ തിരക്കുകള്‍ക്കിടയിലാണ് ജീവിക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെ താമസിക്കുമ്പോഴും നമ്മുടെ ഭാഷയും സംസ്‌കാരവും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറാന്‍ സഹായിക്കുന്ന ഏറ്റവും ശക്തമായ വേദികളിലൊന്നാണ് ഫോമാ.
യൂത്ത് ഫോറം, വിമന്‍സ് ഫോറം, ബിസിനസ് ഫോറം, സാംസ്‌കാരിക വേദികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, സാമൂഹിക സേവന പദ്ധതികള്‍ എന്നിവയിലൂടെ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനും നമ്മുടെ കഴിവുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും കഴിയും. ജോലി, ബിസിനസ്, കുടുംബ തിരക്കുകള്‍ക്കിടയിലും മലയാളികള്‍ക്ക് തങ്ങളുടെ കലാ-സാംസ്‌കാരിക കഴിവുകള്‍ പ്രകടിപ്പിക്കാനും കേരളവുമായി ഉള്ള ആത്മബന്ധം നിലനിര്‍ത്താനുമുള്ള ഏറ്റവും മികച്ച വേദിയാണ് ഫോമാ.
ഫോമാ കണ്‍വെന്‍ഷനുകള്‍ വെറും ആഘോഷങ്ങള്‍ മാത്രമല്ല. പുതിയ സൗഹൃദങ്ങള്‍ രൂപപ്പെടുന്ന വേദിയും, യുവതലമുറക്ക് അവരുടെ വേരുകള്‍ തിരിച്ചറിയാനുള്ള അവസരവും, കലാകാരന്മാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കാനുള്ള വേദിയുമാണ്. കേരളത്തില്‍ നിന്ന് അകന്നു കഴിയുന്ന നമ്മുക്ക് നമ്മുടെ സംസ്‌കാരത്തോടും പാരമ്പര്യത്തോടും ബന്ധപ്പെട്ടു നില്‍ക്കാനുള്ള ഏറ്റവും മനോഹരമായ അവസരങ്ങളാണ് ഇവ.
ഓരോ മലയാളിയോടുമുള്ള എന്റെ ഹൃദയപൂര്‍വ്വമായ അഭ്യര്‍ത്ഥന ഇതാണ് ഫോമായുടെ ഈ യാത്രയുടെ ഭാഗമാകൂ. രണ്ടാമതൊന്ന് ചിന്തിക്കേണ്ട. മുന്നോട്ട് വരൂ, പങ്കാളികളാകൂ, സന്നദ്ധപ്രവര്‍ത്തകരാകൂ, നിങ്ങളുടെ കഴിവുകളും സമയവും സംഭാവന ചെയ്യൂ. അമേരിക്കയിലും കാനഡയിലും മലയാളി സമൂഹത്തിന്റെ ഐക്യവും സംസ്‌കാരവും കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കാം.
നമ്മുടെ ശക്തി നമ്മുടെ ഐക്യത്തിലാണ്. ആ ഐക്യം വരും തലമുറകള്‍ക്കും മാതൃകയാകുന്ന വിധത്തില്‍ വളര്‍ത്തിയെടുക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം, ഒന്നിച്ചു വളരാം, ഒന്നിച്ചു വിജയിക്കാം.
ഫോമാ 2026 കണ്‍വെന്‍ഷന്‍ ഈ ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സേവന മനോഭാവത്തിന്റെയും മഹത്തായ ആഘോഷമാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്, അമേരിക്കയിലെയും കാനഡയിലെയും ലോകമെമ്പാടുമുള്ള എല്ലാ മലയാളികളെയും ഹൃദയപൂര്‍വ്വം ഹൂസ്റ്റണിലേക്ക് സ്വാഗതം ചെയ്യുന്നു. നമുക്ക് ഒരുമിച്ച് ആഘോഷിക്കാം, നമ്മുടെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കാം, പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കാം, മലയാളികളുടെ ഐക്യത്തിന്റെ ശക്തി ലോകത്തിന് മുന്നില്‍ വീണ്ടും തെളിയിക്കാം.
ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 2 വരെ ഹൂസ്റ്റണില്‍ നടക്കുന്ന FOMAA International Convention 2026ലേക്ക് ഏവര്‍ക്കും സ്‌നേഹപൂര്‍വ്വമായ സ്വാഗതം.