പ്രസാദ് തീയാടിക്കല്‍
ടെക്‌സാസ്: ഫെന്റനില്‍ വിഷബാധയെ തുടര്‍ന്ന് ഒരു യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തി. ജെസിക്ക ഷിറെയ്, ജോയി ജിമെന്‍സ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2026 ജനുവരി 31-ന് പ്രോസ്പറിലെ ഒരു വീട്ടില്‍ അമിതമരുന്ന് ഉപയോഗിച്ചതായി സംശയിച്ച് ലഭിച്ച 911 കോളിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. അവിടെ ഒരു പുരുഷനെ മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടവും അന്വേഷണവും മരണകാരണം ഫെന്റനില്‍ വിഷബാധയാണെന്ന് സ്ഥിരീകരിച്ചു.
അന്വേഷണത്തില്‍, മരിച്ചയാള്‍ക്ക് മാരകമായ ഫെന്റനില്‍ നേരിട്ട് കൈമാറിയത് ഷിറിയാണെന്നും, അവള്‍ക്ക് മയക്കുമരുന്ന് ലഭ്യമാക്കിയത് ജിമിനസാണെന്നും പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയത്.
2023 മുതല്‍ പ്രാബല്യത്തില്‍ വന്ന ടെക്‌സാസ് നിയമപ്രകാരം, മരണത്തിന് കാരണമായ ഫെന്റനില്‍ വിതരണം ചെയ്താല്‍ കൊലക്കുറ്റം ചുമത്താന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് സാധിക്കും. മരണപ്പെടുത്താനുള്ള ഉദ്ദേശം തെളിയിക്കേണ്ടതില്ലെന്നതാണ് നിയമത്തിന്റെ പ്രത്യേകത.