പ്രസാദ് തീയാടിക്കല്‍
ഫ്രിസ്‌കോ/ടെക്‌സസ്: വികാരപരമായി തളര്‍ന്നും ജീവിതപ്രതിസന്ധികള്‍ നേരിട്ടും കഴിയുന്ന ആളുകളെ ലക്ഷ്യമിട്ട് കോടിക്കണക്കിന് ഡോളര്‍ തട്ടിയെടുത്തെന്നാരോപിച്ച് ടെക്‌സസിലെ ഫ്രിസ്‌കോ സ്വദേശികളായ ബ്രിഡ്ജറ്റ് ഡോറിന്‍ എവന്‍സ് (47), ഭര്‍ത്താവ് വിന്നി ജോണ്‍ ഉവാനാവിച്ച് (44) എന്നിവരെ ഫെഡറല്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു.
2021 മുതല്‍ 2024 വരെ നീണ്ടുനിന്നതായി പറയുന്ന തട്ടിപ്പ് പദ്ധതിയില്‍, എവന്‍സ് ''ജോളീന്‍ ട്രാവിസ്'' എന്ന വ്യാജനാമത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ''സൈക്കിക്'' സേവനങ്ങള്‍ പരസ്യം ചെയ്തിരുന്നു. പ്രണയപരാജയം, വിവാഹമോചനം, ഏകാന്തത, പ്രിയപ്പെട്ടവരുടെ വേര്‍പാട് തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഇരകളോട് അവരുടെ ദുരിതങ്ങള്‍ക്ക് കാരണം സാമ്പത്തിക ''ശാപം'' ആണെന്നും അത് നീക്കാന്‍ പണവും സ്വര്‍ണനാണയങ്ങളും ''ശുദ്ധീകരണ ചടങ്ങുകള്‍ക്കായി'' കൈമാറണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ചടങ്ങുകള്‍ക്ക് ശേഷം പണവും സ്വര്‍ണവും തിരികെ നല്‍കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഭൂരിഭാഗം തുകയും തിരികെ നല്‍കിയില്ലെന്നാണ് ആരോപണം.
ഒരു ഇരയില്‍ നിന്നു മാത്രം 20 ലക്ഷം ഡോളറിലേറെ സ്വര്‍ണനാണയങ്ങളുടെ രൂപത്തില്‍ കൈപ്പറ്റിയതായി ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തി. മറ്റ് ഇരകളില്‍ നിന്നും ലക്ഷക്കണക്കിന് ഡോളര്‍, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍, വാഹനവായ്പകള്‍ എന്നിവ വഴിയും പണം കൈക്കലാക്കിയെന്നാണ് കേസ്.
കുറ്റം തെളിഞ്ഞാല്‍ ഓരോ കുറ്റത്തിനും പരമാവധി 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ ഇരകളെ കണ്ടെത്താന്‍ എആക പൊതുജനങ്ങളോട് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.