ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ജി 7 രാജ്യങ്ങൾ ,ആഗോള ഇന്ധന വിതരണ ഹബ്ബാകാൻ കാനഡ

By: 600110 On: Jun 18, 2026, 7:50 AM

ആഗോള ഇന്ധന വിതരണ ഹബ്ബാകാൻ ഒരുങ്ങി കാനഡ.  ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ, വാതക ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം. ആഗോള വിപണിയിലേക്ക് കൂടുതൽ ഇന്ധനം എത്തിക്കാൻ കാനഡയ്ക്ക് കഴിയുമെന്ന് ഫ്രാൻസിൽ ഒത്തുചേർന്ന വിവിധ രാഷ്ട്ര നേതാക്കൾ വിലയിരുത്തി. ഇതോടെ ജി7 രാജ്യങ്ങൾക്ക് വിശ്വസനീയമായ രീതിയിൽ ഇന്ധനം എത്തിച്ചുനൽകുന്ന ഒരു പ്രധാന രാജ്യമായി മാറാൻ കാനഡ ഒരുങ്ങുകയാണ്. സുരക്ഷിതവും സുസ്ഥിരവുമായ പുതിയ ഇന്ധന വിതരണ ശൃംഖലകൾ ലോകത്തിന് അത്യാവശ്യമാണെന്ന് നേതാക്കൾ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് വഴിയുള്ള ആഗോള പ്രതിസന്ധി ഒഴിവാക്കാനും, ഇന്ധന ശേഖരം വർദ്ധിപ്പിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. ഇതിനായി ഇന്ധന വിതരണ മാർഗ്ഗങ്ങൾ വൈവിധ്യവത്കരിക്കാൻ ഞങ്ങൾ ഒന്നിച്ച് നീങ്ങുമെന്നും ബുധനാഴ്ച ഫ്രാൻസിൽ ജി7 നേതാക്കൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കാരണം ഇന്ധന വിപണിയിലുണ്ടാകുന്ന വിലക്കയറ്റവും അനിശ്ചിതത്വവും ഒഴിവാക്കാൻ കാനഡയ്ക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വാർത്താലേഖകരോട് പറഞ്ഞു. ഇതിൻ്റെ ഭാഗമായി വിവിധ വിദേശ രാജ്യങ്ങളുമായി ഇന്ധന-ഖനന മേഖലകളിൽ ശതകോടികളുടെ 13 പുതിയ കരാറുകളിൽ കാനഡ ഒപ്പുവെച്ചു. ജർമ്മനി, ജപ്പാൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുമായാണ് കരാർ.

ഈ പദ്ധതികൾ വഴി രാജ്യത്തേക്ക് 500 കോടിയിലധികം ഡോളറിൻ്റെ നിക്ഷേപം വരുമെന്നും കാനഡയുടെ വികസനത്തിനും സുരക്ഷയ്ക്കും ഇത് കരുത്താകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, കാനഡയിലെ കടുത്ത നിയമനിർമ്മാണങ്ങളും പുതിയ ഇന്ധന പദ്ധതികൾക്ക് അനുമതി ലഭിക്കാനുള്ള കാലതാമസവും ഈ ലക്ഷ്യങ്ങൾക്ക് തടസ്സമായേക്കാമെന്ന് കാനഡയിലെ പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എങ്കിലും ആഗോള വിപണിയിലെ പ്രതിസന്ധികൾക്ക് പരിഹാരമായി ഇന്ധന ഉത്പാദനം കൂട്ടാൻ രാജ്യം സജ്ജമാണെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.