കാനഡയിലെ മാനിറ്റോബ പ്രവിശ്യയിൽ ഹെപ്പറ്റൈറ്റിസ് എ രോഗം പടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രാ മുന്നറിയിപ്പുമായി അമേരിക്ക. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലധികം പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ 2025 ഏപ്രിൽ മുതൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 780 കടന്നു.
മാനിറ്റോബയിലെ വിന്നിപെഗ് പോലുള്ള നഗരങ്ങളിലെ ഭവനരഹിതർ, അഭയകേന്ദ്രങ്ങളിൽ കഴിയുന്നവർ, ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന വടക്കൻ ഗോത്രവർഗ്ഗ മേഖലകൾ എന്നിവടങ്ങളിലാണ് രോഗവ്യാപനം അതിരൂക്ഷമായിരിക്കുന്നത്. രോഗബാധയെത്തുടർന്ന് ഇതുവരെ 165 പേരെ ആശുപത്രിയിലും എട്ട് പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യു.എസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ പുറപ്പെടുവിച്ചത് 'ലെവൽ 1' മുന്നറിയിപ്പായതിനാൽ മാനിറ്റോബയിലേക്കുള്ള യാത്രകൾ പൂർണ്ണമായി ഒഴിവാക്കേണ്ടതില്ലെന്ന് മുഖ്യ ആരോഗ്യ ഉദ്യോഗസ്ഥനായ ഡോ. ബ്രെൻ്റ് റൂസിൻ വ്യക്തമാക്കി. യാത്രക്കാർ ആവശ്യമായ മുൻകരുതലുകൾ എടുക്കാനും ബോധവൽക്കരണം ശക്തമാക്കാനുമാണ് ഈ മുന്നറിയിപ്പ്. കരളിനെ ബാധിക്കുന്ന ഈ വൈറസ് രോഗം തടയാൻ പ്രദേശത്ത് പ്രതിരോധ കുത്തിവെപ്പുകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങൾ സന്ദർശിക്കുന്നവർ വ്യക്തിശുചിത്വം പാലിക്കണമെന്നും വാക്സിൻ സ്വീകരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിച്ചു.