ഉയരുന്ന ഇന്ധന-വൈദ്യുതി നിരക്കുകൾ: ജനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ആൽബർട്ട സർക്കാർ

By: 600110 On: Jun 18, 2026, 7:41 AM

വിലക്കയറ്റത്തെ തുടർന്ന് വലയുന്ന ജനങ്ങൾക്ക് ആശ്വാസമായി 100 ഡോളറിൻ്റെ ഒറ്റത്തവണ ധനസഹായം പ്രഖ്യാപിച്ച് ആൽബർട്ട സർക്കാർ. ഇതുവരെ നിലവിലുണ്ടായിരുന്ന ഇന്ധന നികുതിയിളവ് പദ്ധതിക്ക് പകരമായാണ് ഈ പുതിയ ആനുകൂല്യം വരുന്നത്. നികുതി ഇളവിൻ്റെ യഥാർത്ഥ പ്രയോജനം ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തുന്നില്ലെന്ന് വിലയിരുത്തിയാണ് പുതിയ മാറ്റം. ധനമന്ത്രി ജേസൺ നിക്സൺ, അഫോർഡബിലിറ്റി മന്ത്രി ആർ.ജെ. സിഗുർഡ്‌സൺ എന്നിവർക്കൊപ്പം പ്രീമിയർ ഡാനിയേൽ സ്മിത്താണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

18 വയസോ അതിൽ കൂടുതലോ പ്രായമുള്ള, 2025-ലെ നികുതി റിട്ടേൺ ഫയൽ ചെയ്ത ആൽബെർട്ട നിവാസികൾക്ക് അപേക്ഷിക്കാം.  കുടുംബ വാർഷിക വരുമാനം 225,000 ഡോളറോ അതിൽ താഴെയോ ആയിരിക്കണം. അർഹരായ വ്യക്തികൾക്ക് 100 ഡോളറും, ദമ്പതികൾക്ക് 200 ഡോളറും ലഭിക്കും. വീട്ടിൽ താമസിക്കുന്ന 18 വയസിന് മുകളിലുള്ള മറ്റ് അംഗങ്ങൾക്കും കുട്ടികൾക്കും 100 ഡോളർ വീതം അധികമായി ലഭിക്കും.  ജൂലൈ 1 മുതൽ പ്രത്യേക ഓൺലൈൻ പോർട്ടൽ വഴി ഇതിനായി അപേക്ഷിക്കാം. ഏകദേശം 34 ലക്ഷത്തോളം ആളുകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പദ്ധതിക്കായി സർക്കാരിന് 300 മില്യൺ ഡോളറിലധികം ചിലവ് വരും. യു.എസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ഇന്ധനവില ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. നടപ്പ് സാമ്പത്തിക വർഷത്തിൽ പ്രവിശ്യ 4.1 ബില്യൺ ഡോളറിൻ്റെ ബജറ്റ് കമ്മി നേരിടുന്നുണ്ട്. 

അതേസമയം, പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ ജനപ്രീതി ഇടിഞ്ഞ സാഹചര്യത്തിൽ രാഷ്ട്രീയ നേട്ടത്തിനായാണ് ഈ പ്രഖ്യാപനമെന്നാണ് വിമർശകരുടെ വാദം. വിഘടനവാദവുമായി ബന്ധപ്പെട്ട് റഫറണ്ടം പ്രഖ്യാപിച്ചതിനെ തുടർന്ന് ജനങ്ങൾക്കിടയിലുള്ള അതൃപ്തി പരിഹരിക്കാനും ജനപ്രീതി വീണ്ടെടുക്കാനുമാണ് സർക്കാർ ഈ പണം നൽകൽ തന്ത്രം ഉപയോഗിക്കുന്നതെന്നും വിമർശകർ ആരോപിച്ചു.