അറ്റ്‌ലാന്റ: ജോര്‍ജിയ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രാഥമിക തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണച്ച സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി ശതകോടീശ്വരന്‍ റിക്ക് ജാക്‌സണ്‍ അട്ടിമറി വിജയം നേടി. ട്രംപും നിലവിലെ ഗവര്‍ണര്‍ ബ്രയാന്‍ കെമ്പും പിന്തുണച്ച ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബര്‍ട്ട് ജോണ്‍സിനെയാണ് ഹെല്‍ത്ത് കെയര്‍ വ്യവസായിയായ റിക്ക് ജാക്‌സണ്‍ തോല്‍പ്പിച്ചത്.
സ്വന്തം സമ്പാദ്യത്തില്‍ നിന്ന് 100 മില്യണിലധികം ഡോളര്‍ (ഏകദേശം 800 കോടിയിലധികം രൂപ) പ്രചാരണത്തിനായി ചിലവഴിച്ചാണ് ജാക്‌സണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലെ ഔദ്യോഗിക പാനലിനെ അട്ടിമറിച്ചത്. ട്രംപിന്റെ ശക്തമായ സ്വാധീനത്തെ പണക്കരുത്ത് കൊണ്ട് മറികടന്ന ഈ വിജയം യുഎസ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
ആദ്യമായി പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിക്ക് ജാക്‌സണ്‍, വരാനിരിക്കുന്ന പ്രധാന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍ അറ്റ്‌ലാന്റ മേയര്‍ കെയ്ഷ ലാന്‍സ് ബോട്ടംസിനെ നേരിടും.