സീയാറ്റിലിന് സമീപം കരടിയുടെ ആക്രമണത്തില്‍ രണ്ട് കൗമാരക്കാര്‍ക്ക് പരിക്ക്

By: 600002 On: Jun 17, 2026, 12:55 PM

 

 

പി പി ചെറിയാന്‍

സീയാറ്റില്‍ (വാഷിംഗ്ടണ്‍): വാഷിംഗ്ടണ്‍ സംസ്ഥാനത്തെ മൗണ്ട് സി  മലനിരകളില്‍ കരടിയെ കണ്ടുമുട്ടിയതിനെ തുടര്‍ന്ന് രണ്ട് കൗമാരക്കാര്‍ക്ക് പരിക്കേറ്റു. ഇതിലൊരാളെ കരടി നേരിട്ട് ആക്രമിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഒരു കൂട്ടം യുവാക്കള്‍ ട്രെക്കിംഗ് നടത്തുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ കരടിയുടെ പാഞ്ഞടുത്തു. കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ടുപോയ ഒരു കൗമാരക്കാരനെ കരടി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റെങ്കിലും ഇയാള്‍ പിന്നീട് സുഹൃത്തുക്കളുടെ അടുത്തേക്ക് തിരിച്ചെത്തി. കരടിയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് കണങ്കാലിന് പരിക്കേറ്റതാണ് രണ്ടാമത്തെയാള്‍ക്ക്.

പരിക്കേറ്റവരെ കിംഗ് കൗണ്ടി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സംഘം എ.ടി.വി  വാഹനം ഉപയോഗിച്ചാണ് മലമുകളില്‍ നിന്നും താഴെയെത്തിച്ചത്. ഇതില്‍ ഒരാളെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് മൗണ്ട് സിയിലെ ട്രെക്കിംഗ് പാതകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്. വന്യജീവി വകുപ്പ് അധികൃതര്‍ കരടിയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. 

ഈ പ്രദേശത്ത് സാധാരണയായി കരടികളെ കാണാറുണ്ടെങ്കിലും, ഒരു വലിയ സംഘത്തിന് നേരെ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നത് വളരെ അപൂര്‍വമാണെന്ന് പോലീസ് അറിയിച്ചു.