പി പി ചെറിയാന്‍
ഫ്‌ലോറിഡ: ഐവിഎഫ് (IVF) ചികിത്സയിലെ ഗുരുതരമായ അബദ്ധത്തെത്തുടര്‍ന്ന് മാറിപ്പോയ ഭ്രൂണത്തിലൂടെ ജനിച്ച പെണ്‍കുഞ്ഞിനെ സ്വന്തം മകളായി വളര്‍ത്താന്‍ ദമ്പതികള്‍ക്ക് കോടതി അനുമതി നല്‍കി. ഫ്‌ലോറിഡ സ്വദേശികളായ ടിഫാനി സ്‌കോര്‍, സ്റ്റീവന്‍ മില്‍സ് എന്നീ വെള്ളക്കാരയ ദമ്പതികള്‍ക്കാണ് ഓര്‍ലാന്‍ഡോയിലെ ഫെര്‍ട്ടിലിറ്റി സെന്ററിന്റെ അബദ്ധം മൂലം കറുത്ത വര്‍ഗ്ഗക്കാരിയായ കുഞ്ഞ് ജനിച്ചത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു കുഞ്ഞിന്റെ ജനനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ ജൈവിക മാതാപിതാക്കളെ (Biological parents) ദമ്പതികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കുഞ്ഞുമായി വൈകാരികമായി ഏറെ അടുത്തതിനാല്‍ അവളെ വിട്ടുനല്‍കില്ലെന്ന് ഇവര്‍ വ്യക്തമാക്കി.
തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുണ്ടാക്കിയ സംയുക്ത കസ്റ്റഡി കരാറിന് സെമിനോള്‍ കൗണ്ടി കോടതി ഈയാഴ്ച അംഗീകാരം നല്‍കി. ഇതോടെ കുഞ്ഞിന്റെ സ്ഥിരമായ രക്ഷാകര്‍തൃത്വം ടിഫാനിക്കും സ്റ്റീവനും ലഭിച്ചു. അശ്രദ്ധ കാണിച്ച ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെ ദമ്പതികള്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.