ലോകത്തെ ഏറ്റവും ചെലവേറിയതും സാധാരണക്കാർക്ക് താങ്ങാനാകാത്തതുമായ ഭവന വിപണികളിലൊന്നായി കാനഡ മാറിയെന്ന് അന്താരാഷ്ട്ര പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫ്രോണ്ടിയർ സെൻ്റർ ഫോർ പബ്ലിക് പോളിസി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സംയുക്തമായി പുറത്തുവിട്ട 2026-ലെ ഡെമോഗ്രാഫിയ ഇൻ്റർനാഷണൽ ഹൗസിങ് അഫോർഡബിലിറ്റി റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. എട്ട് പ്രമുഖ രാജ്യങ്ങളിലെ 96 പ്രധാന നഗരങ്ങളിലെ ഭവന വിപണികൾ വിലയിരുത്തിയ ശേഷമാണ് ഈ പഠന റിപ്പോർട്ട് തയ്യാറാക്കിയത്. കാനഡയിലെ ആറ് പ്രധാന നഗരങ്ങളിൽ നാലും സാധാരണക്കാർക്ക് വീട് വാങ്ങാൻ ഒട്ടും അനുയോജ്യമല്ലാത്ത വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ആഗോളതലത്തിൽ തന്നെ വീട് വാങ്ങാൻ ഏറ്റവും ബുദ്ധിമുട്ടുള്ള നഗരങ്ങളുടെ പട്ടികയിൽ വാൻകൂവർ തൊണ്ണൂറ്റിരണ്ടാം സ്ഥാനത്തും ടൊറൻ്റോ എൺപത്തിയൊന്നാം സ്ഥാനത്തുമാണ് ഉള്ളത്. വരുമാനവും വീടുകളുടെ വിലയും തമ്മിലുള്ള വലിയ അന്തരമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ടൊറൻ്റോയിലെ ഉയർന്ന വില കാരണം ആളുകൾ കിറ്റ്ച്ചനർ, ബ്രാൻഡ്‌ഫോർഡ്, ലണ്ടൻ, ഗ്വെൽഫ് തുടങ്ങിയ ചെറുകിട നഗരങ്ങളിലേക്ക് കുടിയേറാൻ തുടങ്ങിയതോടെ ഈ പ്രദേശങ്ങളിലെയും ഭവന നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്.
കാനഡയിലെ മോൺട്രിയൽ 'severely unaffordable' വിഭാഗത്തിലും ഓട്ടവ, കാൽഗറി എന്നിവ 'seriously unaffordable' വിഭാഗത്തിലുമാണ് നിലവിലുള്ളത്. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും കാനഡയിലെ എഡ്മൻ്റൺ നഗരം ആഗോളതലത്തിൽ തന്നെ വീട് വാങ്ങാൻ ഏറ്റവും എളുപ്പമുള്ള മൂന്നാമത്തെ മികച്ച വിപണിയായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രനേട്ടം കുറിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്തുള്ള ഒരു പ്രധാന നഗരം ഈ പട്ടികയിൽ നേടുന്ന ഏറ്റവും ഉയർന്ന റാങ്കാണിത്. അമേരിക്കൻ നഗരങ്ങളായ ഒക്ലഹോമ സിറ്റി, റോച്ചസ്റ്റർ, സെന്റ് ലൂയിസ് എന്നിവയ്ക്കൊപ്പമാണ് എഡ്മൻ്റൺ ഈ സ്ഥാനം പങ്കിടുന്നത്.