ടൊറൻ്റോയിലെ യു.എസ് കോൺസുലേറ്റ്, ജൂത സ്കൂളുകൾ, സിനഗോഗുകൾ എന്നിവടങ്ങളിൽ നടന്ന വെടിവെയ്പ്പുകൾക്ക് പിന്നിൽ പണം നൽകി യുവാക്കളെ ക്രിമിനൽ കൃത്യങ്ങൾക്കായി നിയോഗിക്കുന്ന വലിയൊരു സംഘം പ്രവർത്തിക്കുന്നതായി പൊലീസ് . എൻക്രിപ്റ്റ് ചെയ്ത മെസ്സേജിങ് ആപ്പുകൾ വഴി ഓർഡറുകൾ സ്വീകരിച്ച് ആക്രമണം നടത്തുന്ന ഈ സംഘങ്ങൾ, തങ്ങൾക്ക് പണം ലഭിക്കുന്നതിനായി വെടിവെയ്പ്പിൻ്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താറുണ്ടെന്നും ടൊറൻ്റോ പൊലീസ് ചീഫ് മൈറോൺ ഡെംകിവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നഗര സുരക്ഷയെയും പൊതുജനങ്ങളെയും ഭീതിയിലാഴ്ത്തുന്ന ഇത്തരം അക്രമങ്ങൾക്ക് പിന്നിൽ ആരാണ് പണം മുടക്കുന്നതെന്ന് കണ്ടെത്താൻ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് , എഫ്.ബി.ഐ എന്നിവരുമായി ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ ആഴ്ച നടത്തിയ റെയ്ഡിനിടെ വെടിയേറ്റു മരിച്ച ടൊറൻ്റോ പൊലീസ് ഉദ്യോഗസ്ഥൻ കോൺസ്റ്റബിൾ മാർക് പിനിസോട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നിക്കോളാസ് ബെന്നറ്റ് ഉൾപ്പെടെയുള്ള മൂന്ന് പേർക്ക് ഈ ക്രിമിനൽ ശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
റെയ്ഡിൽ കണ്ടെടുത്ത രണ്ട് തോക്കുകൾ നഗരത്തിലെ മുപ്പതോളം വെടിവെയ്പ്പുകൾക്കായി മാറ്റിമാറ്റി ഉപയോഗിച്ചതാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നിലവിൽ യു.എസ് കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഷെൽഡൻ ട്രേസി-സ്റ്റുവർട്ട്, ജെയോൺ ബർഗർ എന്നിവരും പൊലീസിൻ്റെ പിടിയിലായിട്ടുണ്ട്. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ വിദേശ ബന്ധമുള്ള ഭീകര സംഘടനകൾക്ക് പങ്കുണ്ടോ എന്നറിയാൻ അന്താരാഷ്ട്ര ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.