കാനഡയുടെ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായകമായത് ആൽബർട്ടയുടെ സംഭാവനയെന്ന് പഠന റിപ്പോർട്ട്

By: 600110 On: Jun 17, 2026, 8:06 AM

 

 

കാനഡയുടെ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായകമായത് ആൽബർട്ടയുടെ സംഭാവനയെന്ന് പഠന റിപ്പോർട്ട്. ഫെഡറൽ സാമ്പത്തിക രംഗത്ത് ആൽബർട്ട പ്രവിശ്യ നൽകുന്ന വലിയ സംഭാവനകൾ ഇല്ലായിരുന്നെങ്കിൽ കാനഡയിലെ മറ്റ് നികുതിദായകർക്ക് പ്രതിവർഷം ശരാശരി 1,000 ഡോളറിലധികം അധിക നികുതി ബാധ്യത വരുമായിരുന്നെന്നാണ് പ്രമുഖ തിങ്ക് ടാങ്കായ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ പഠന റിപ്പോർട്ടിലുള്ളത് . കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ഉയർന്ന തൊഴിൽ നിരക്ക്, കൂടിയ ശരാശരി വരുമാനം, യുവാക്കളുടെ ഉയർന്ന ജനസംഖ്യ എന്നിവയാണ് ആൽബർട്ടയെ ഫെഡറൽ വരുമാനത്തിലേക്ക് വലിയ തോതിൽ പണം നൽകാൻ പ്രാപ്തമാക്കുന്നത്.

ഫെഡറൽ സർക്കാരിൽ നിന്ന് തിരികെ ലഭിക്കുന്ന ആനുകൂല്യങ്ങളെക്കാൾ വലിയ തുകയാണ് ആൽബർട്ട ദേശീയ പ്രോഗ്രാമുകൾക്കായി സംഭാവന ചെയ്യുന്നത്. 2007-08 മുതൽ 2026-27 വരെയുള്ള കാലയളവിൽ ആൽബർട്ടയുടെ സംഭാവന  321.9 ബില്യൺ ഡോളറായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് ബ്രിട്ടീഷ് കൊളംബിയയുടേതിനേക്കാൾ നാല് മടങ്ങും ഒൻ്റാരിയോയുടേതിനേക്കാൾ അഞ്ച് മടങ്ങും അധികമാണ്. അതേസമയം മറ്റ് ഏഴ് പ്രവിശ്യകളും ഈ കാലയളവിൽ ഫെഡറൽ സർക്കാരിൽ നിന്ന് ധനസഹായം കൈപ്പറ്റിയവയാണ്.

കാനഡയിലുടനീളമുള്ള ഫെഡറൽ പദ്ധതികൾക്ക് ഫണ്ട് നൽകാനും മറ്റ് പ്രവിശ്യകളിലെ നികുതിദായകരുടെ ഭാരം കുറയ്ക്കാനും ആൽബർട്ടയുടെ ഈ സാമ്പത്തിക പങ്കാളിത്തം സഹായിക്കുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഒട്ടാവയുടെ നിലവിലെ ചെലവ് നിലനിർത്താൻ മറ്റ് പ്രവിശ്യകളിലുള്ളവർ പ്രതിവർഷം ശരാശരി 1,007 ഡോളർ അധികമായി നൽകേണ്ടി വരുമായിരുന്നു.

മികച്ച തൊഴിലവസരങ്ങളും ഉയർന്ന വേതനവും കുറഞ്ഞ നികുതിയും കാരണം കഴിഞ്ഞ 30 വർഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം കനേഡിയക്കാരാണ് മറ്റ് പ്രവിശ്യകളിൽ നിന്ന് ആൽബർട്ടയിലേക്ക് കുടിയേറിയത്. കാനഡയുമായി നിലനിൽക്കുന്ന രാഷ്ട്രീയ-നയപരമായ തർക്കങ്ങൾക്കിടയിലും, ഭൂരിഭാഗം ആൽബർട്ടക്കാരും  കാനഡയുടെ ഭാഗമായി തുടരാൻ തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് സമീപകാല അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നുണ്ട്.