കാനഡയിലെത്തിയ സമീപകാല കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്ക് കൂടിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ പഠന റിപ്പോർട്ട് . അതേസമയം കാനഡയിൽ ജനിച്ചവരിൽ വീട് സ്വന്തമാക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഒൻ്റാരിയോയിൽ അഞ്ച് വർഷമായി താമസിക്കുന്ന പുതിയ കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്ക് 2018-ൽ 35.7 ശതമാനമായിരുന്നത് 2021-ൽ 40.2 ശതമാനമായി ഉയർന്നു. ഇതേ കാലയളവിൽ കനേഡിയൻ വംശജരുടെ നിരക്ക് 50.7 ശതമാനത്തിൽ നിന്ന് 47.8 ശതമാനമായി താഴുകയാണ് ചെയ്തത്.
കാനഡയിൽ എത്തുന്നതിന് മുൻപ് തന്നെ വർക്ക് അല്ലെങ്കിൽ സ്റ്റഡി പെർമിറ്റുകളിലോ അഭയാർത്ഥികളായോ അവിടെ താമസിച്ചിരുന്നവരാണ് ആദ്യ വർഷം തന്നെ വീട് സ്വന്തമാക്കിയ കുടിയേറ്റക്കാരിൽ 85 ശതമാനത്തിലധികം പേരും.
കനേഡിയൻ വംശജരെ അപേക്ഷിച്ച് വരുമാനം കുറവാണെങ്കിലും, കൂടുതൽ വിലകൂടിയ വീടുകൾ വാങ്ങാനും വലിയ തുക മോർഗേജ് വായ്പകളായി എടുക്കാനും കുടിയേറ്റക്കാർ തയ്യാറാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. രജിസ്റ്റേർഡ് റിട്ടയർമെൻ്റ് സേവിങ്സ് പ്ലാനുകളിൽ നിക്ഷേപിക്കുന്നതിനേക്കാൾ, സ്വന്തമായി ഒരു വീട് വാങ്ങുന്നതിലൂടെയുള്ള ഇക്വിറ്റി കെട്ടിപ്പടുക്കുന്നതിനാണ് ഇവർ മുൻഗണന നൽകുന്നത്.
ഇക്കാരണത്താൽ തന്നെ ഉയർന്ന പ്രതിമാസ മോർഗേജ് തിരിച്ചടവുകൾ ഉള്ളതിനാൽ വിപണിയിലെ മാറ്റങ്ങൾ ഇവരെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. കൂടാതെ, കുടിയേറ്റക്കാരുടെ ജന്മനാടും ഭവന ഉടമസ്ഥതയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ദക്ഷിണേഷ്യ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ഒൻ്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട തുടങ്ങിയ പ്രവിശ്യകളിൽ വീട് വാങ്ങുന്നതിൽ മുന്നിൽ നിൽക്കുന്നത്.