വടക്കു പടിഞ്ഞാറൻ ആൽബർട്ടയിൽ പെട്ടെന്നുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം

By: 600110 On: Jun 17, 2026, 7:56 AM

 

വടക്കു പടിഞ്ഞാറൻ ആൽബർട്ടയിലെ ഗിരൂക്‌സ്‌വില്ലെ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. വീടുകൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും കടുത്ത കേടുപാടുകൾ സംഭവിച്ചെങ്കിലും, ആർക്കും ഗുരുതരമായ പരിക്കുകളില്ലാത്തത് വലിയ ആശ്വാസമായി. യാതൊരുവിധ കാലാവസ്ഥാ മുന്നറിയിപ്പുകളും ഇല്ലാതെ പെട്ടെന്നാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് ഗ്രാമത്തെ നടുക്കിയ ദുരന്തമുണ്ടായത്. ശക്തമായ കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ തകരുകയും മരങ്ങൾ വേരോടെ പിഴുതെറിയപ്പെടുകയും ചെയ്തു. ഒരു ഡസനിലധികം കെട്ടിടങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിൽ ചില വീടുകൾ ഇനി താമസയോഗ്യമല്ലാത്ത വിധം തകർന്നതായാണ് റിപ്പോർട്ടുകൾ. അഗ്നിശമന സേനാംഗങ്ങളും പ്രാദേശിക അധികൃതരും ചേർന്ന് സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമാക്കി.

വടക്കൻ ആൽബർട്ടയിൽ ഇത്തരം ചുഴലിക്കാറ്റുകൾ വളരെ അപൂർവ്വമാണെന്ന് എൻവയോൺമെൻ്റ് കാനഡ വ്യക്തമാക്കി. സാധാരണയായി ഉണ്ടാകാറുള്ള ചെറിയൊരു ഇടിമിന്നൽ മാത്രമാണ് റഡാറിൽ കാണിച്ചതെന്നും, എന്നാൽ അന്തരീക്ഷ വ്യതിയാനങ്ങൾ മൂലം ഇത് പെട്ടെന്ന് ശക്തമായ ചുഴലിക്കാറ്റായി മാറുകയായിരുന്നുവെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. മുന്നറിയിപ്പ് നൽകാതിരുന്നതിൽ അവർ ഖേദം പ്രകടിപ്പിച്ചു.

ആൽബർട്ടയിൽ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന പത്താമത്തെ ചുഴലിക്കാറ്റാണിത്. ഏകദേശം 300 ഓളം ആളുകൾ മാത്രം താമസിക്കുന്ന ഈ ചെറിയ ഗ്രാമത്തിൽ പ്രകൃതിദുരന്തം വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ദുരന്തബാധിത പ്രദേശം സന്ദർശിച്ച വനംവകുപ്പ് മന്ത്രി ടോഡ് ലോവൻ ഗ്രാമത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.