വിമാനത്തിനുള്ളിൽ മൊബൈൽ ഫോണിന് തീപിടിച്ചു: ബ്രിട്ടീഷ് എയർവേസ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു

By: 600110 On: Jun 17, 2026, 7:53 AM

 

വിമാനത്തിനുള്ളിൽ മൊബൈൽ ഫോണിന് തീപിടിച്ചതിനെ തുടർന്ന് ബ്രിട്ടീഷ് എയർവേസ് വിമാനം സുരക്ഷിതമായി നിലത്തിറക്കി. ലണ്ടനിൽ നിന്നും അമേരിക്കയിലെ ലാസ് വെഗാസിലേക്ക് വരികയായിരുന്ന ബ്രിട്ടീഷ് എയർവേസ് വിമാനത്തിനുള്ളിലാണ് മൊബൈൽ ഫോണിന് തീപിടിച്ചത്. എന്നാൽ, വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് വലിയൊരു അപകടം ഒഴിവാകുകയും വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അമേരിക്കൻ സിവിൽ വ്യോമയാന വകുപ്പായ എഫ്.എ.എ ഈ സംഭവം സ്ഥിരീകരിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രിട്ടീഷ് എയർവേസിൻ്റെ 271-ാം നമ്പർ ഫ്ലൈറ്റിലാണ് സംഭവം നടന്നത്. മൊബൈൽ ഫോണിൽ നിന്ന് തീപടർന്ന് വിമാനത്തിൻ്റെ ഉൾഭാഗത്ത് നേരിയ കേടുപാടുകൾ സംഭവിച്ചതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു. എന്നാൽ വിമാന ജീവനക്കാർ ഉടൻ തന്നെ തീയണയ്ക്കുകയായിരുന്നു. തുടർന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2:30 ഓടെ വിമാനം ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്നും പുറത്തിറക്കിയതായും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്നും ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കി.

ലിഥിയം ബാറ്ററികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ്, പവർ ബാങ്കുകൾ, വേപ്പ്  ഉപകരണങ്ങൾ എന്നിവ യാത്രക്കാർ ലഗേജുകളിൽ വയ്ക്കാതെ എപ്പോഴും കൈകളിൽ തന്നെ കരുതണമെന്ന് എഫ്.എ.എ വീണ്ടും മുന്നറിയിപ്പ് നൽകി. വിമാനത്തിനുള്ളിൽ വച്ച് ഇത്തരം ഉപകരണങ്ങൾക്ക് തീപിടിച്ചാൽ ജീവനക്കാർക്ക് ഉടൻ തന്നെ ഇടപെടാൻ സാധിക്കുമെന്നതിനാലാണ് ഈ നിയമം.  കഴിഞ്ഞ വർഷം മാത്രം വിമാനങ്ങളിൽ ലിഥിയം ബാറ്ററി മൂലമുണ്ടായ 82 തീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.