ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുന്നു: നരേന്ദ്ര മോദിയെ കാനഡയിലേക്ക് ക്ഷണിച്ച് മാർക്ക് കാർണി

By: 600110 On: Jun 17, 2026, 7:42 AM

 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാനഡ സന്ദർശിക്കാൻ ക്ഷണിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണായക തീരുമാനം. 2026-ൽ തന്നെ മോദി കാനഡ സന്ദർശിച്ചേക്കുമെന്നാണ് വിവരം. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാകുന്നതിൻ്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രതിരോധം, സുരക്ഷാ വിവരങ്ങൾ പരസ്പരം പങ്കുവെക്കൽ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇരുരാജ്യങ്ങളും തുടക്കം കുറിച്ചിട്ടുണ്ട്. രഹസ്യവിവരങ്ങൾ കൈമാറുന്നതിനുള്ള 'ജനറൽ സെക്യൂരിറ്റി ഓഫ് ഇൻഫർമേഷൻ അഗ്രിമെൻ്റ്' ഉടൻ യാഥാർത്ഥ്യമാക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. സന്ദർശന തീയതി നയതന്ത്രതല ചർച്ചകളിലൂടെ തീരുമാനിക്കും.

കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യയും കാനഡയും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കപ്പെടുന്നതിൻ്റെ സൂചനയാണ് ഈ നീക്കം. സിഖ് ആക്ടിവിസ്റ്റ് ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെത്തുടർന്ന് 2023-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പൂർണ്ണമായി സ്തംഭിച്ചിരുന്നു. എന്നാൽ, മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റതു മുതൽ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ സജീവമായിട്ടുണ്ട്. ഈ വർഷം ആദ്യം അദ്ദേഹം ഇന്ത്യ സന്ദർശിക്കുകയും ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിക്കുകയും ചെയ്തിരുന്നു. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യയെ ഒരു സുപ്രധാന പങ്കാളിയായാണ് കാനഡ ഇപ്പോൾ കാണുന്നത്.

ഇന്ത്യ കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നാണ് കനേഡിയൻ സർക്കാരിൻ്റെ വിലയിരുത്തൽ. വിദേശ ഇടപെടലുകൾ രാജ്യം വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കുമ്പോഴും, ഇന്ത്യയുമായുള്ള ബന്ധം ദീർഘകാലാടിസ്ഥാനത്തിൽ കൊണ്ടുപോകാനാണ് കാനഡയുടെ താല്പര്യം. അതേസമയം, കാനഡയുടെ ഈ പുതിയ നിലപാടിൽ രാജ്യത്തെ സിഖ് സംഘടനകൾ കടുത്ത അതൃപ്തിയിലാണ്. മാർക്ക് കാർണിയുടെ നയങ്ങൾക്കെതിരെ പാർലമെൻ്റിന് മുന്നിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. എന്നാൽ സാമ്പത്തിക-പ്രതിരോധ മേഖലകളിലെ താല്പര്യങ്ങൾ മുൻനിർത്തി ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ തന്നെയാണ് കനേഡിയൻ സർക്കാരിൻ്റെ തീരുമാനം.