ടൊറൻ്റോയിൽ മോഷ്ടിച്ച കാറുമായി അമിതവേഗതയിൽ പാഞ്ഞെത്തിയ 12 വയസ്സുകാരൻ പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ചു പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. ഈസ്റ്റ് യോർക്കിലെ ഡോൺലാൻഡ്സ് അവന്യൂവിലും ഒകോണർ ഡ്രൈവിലും പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കാർ മോഷണത്തെക്കുറിച്ചുള്ള വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ വാഹനം തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ലീസൈഡ് ബ്രിഡ്ജിൽ വെച്ച് രണ്ട് പോലീസ് വാഹനങ്ങൾ ഉപയോഗിച്ച് മോഷ്ടിച്ച കാർ വളയാൻ ശ്രമിക്കുന്നതിനിടെയാണ്, കാറിന് പുറത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കുട്ടി വാഹനം ഇടിപ്പിച്ചു വീഴ്ത്തിയത്. തുടർന്ന് വാഹനം നിർത്താൻ പോലീസ് ഉദ്യോഗസ്ഥൻ പലതവണ വെടിയുതിർത്തതായും കാനഡയിലെ പ്രത്യേക അന്വേഷണ വിഭാഗം സ്ഥിരീകരിച്ചു.
പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നിലവിൽ അദ്ദേഹം അപകടാവസ്ഥ തരണം ചെയ്ത് ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. സംഭവത്തിന് ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച 12 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടിക്കെതിരെ വധശ്രമം, പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കൽ, അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടൽ, മോഷണം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത വ്യക്തിയായതിനാൽ പ്രതിയുടെ പേരുവിവരങ്ങൾ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്