ക്യാൻസർ ഗവേഷണത്തിനായി ഫണ്ട് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കാനഡയിലുടനീളം 26 ദിവസം നീണ്ട ഹിച്ച്‌ഹൈക്കിംഗ് (ലിഫ്റ്റ് ചോദിച്ചുള്ള യാത്ര) വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ന്യൂ ബ്രൺസ്‌വിക്കിൽ നിന്നുള്ള ക്വിൻ സ്ട്രാങ്. പ്രശസ്ത കനേഡിയൻ അത്‌ലറ്റും ക്യാൻസർ ഗവേഷണ പ്രവർത്തകനുമായിരുന്ന ടെറി ഫോക്‌സിൻ്റെ ചരിത്രപ്രസിദ്ധമായ യാത്രയുടെ അതേ റൂട്ട് പിന്തുടർന്നായിരുന്നു ക്വിന്നിൻ്റെയും യാത്ര. ന്യൂഫൗണ്ട്‌ലാൻഡിൽ നിന്ന് ആരംഭിച്ച് പോർട്ട് കോക്വിറ്റ്‌ലാമിലെ ടെറി ഫോക്‌സിൻ്റെ ശവകുടീരത്തിലാണ് ഈ ദൗത്യം അവസാനിച്ചത്.
കൗമാരപ്രായത്തിൽ രണ്ട് തവണ ക്യാൻസറിനെ അതിജീവിച്ച വ്യക്തിയാണ് ക്വിൻ സ്ട്രാങ്. പഠനകാലത്ത് ഇദ്ദേഹത്തിന് തുടയെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനാകേണ്ടി വന്നിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ കണ്ട ക്യാൻസർ ബാധിതരായ കുട്ടികളുടെ മുഖമാണ് ഇങ്ങനെയൊരു ദൗത്യത്തിലേക്ക് തന്നെ നയിച്ചതെന്ന് ക്വിൻ പറയുന്നു.
യാത്രയിലുടനീളം റഷ്യൻ ട്രക്ക് ഡ്രൈവർമാർ മുതൽ ബുദ്ധ സന്യാസിമാർ വരെ നിരവധി മനുഷ്യരെ കണ്ടുമുട്ടാൻ ക്വിന്നിന് സാധിച്ചു. വഴിനീളെ കണ്ടുമുട്ടിയ സാധാരണ കുടുംബങ്ങൾ അദ്ദേഹത്തിന് താമസ സൗകര്യവും ഭക്ഷണവും നൽകി പിന്തുണച്ചു. ഒരു ലക്ഷം ഡോളർ സമാഹരിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും യാത്രയുടെ അവസാനത്തോടെ 1,10,000 ഡോളറിലധികം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഈ തുക ടെറി ഫോക്സ് ഫൗണ്ടേഷനും ഹാലിഫാക്സിലെ ഐ.ഡബ്ല്യു.കെ ചിൽഡ്രൻസ് ഹോസ്പിറ്റലിനുമായി വീതിച്ചു നൽകും. ലോകത്ത് നന്മ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് ഈ യാത്ര തന്നെ പഠിപ്പിച്ചതായി ക്വിൻ സ്ട്രാങ് കൂട്ടിച്ചേർത്തു.